ദൃശ്യ കൊലക്കേസ്; കുതിരവട്ടത്ത് നിന്ന് രക്ഷപ്പെട്ട പ്രതി വിനീഷ് മുംബൈയിൽ പിടിയിൽ
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് അതിസാഹസികമായി ചാടിപ്പോയ പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മാസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ പിടിയിലായി. മുംബൈയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ കേരള പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. നേരത്തെ ഇയാൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കഴിഞ്ഞ ഡിസംബർ 29-നാണ് കുതിരവട്ടത്തെ സുരക്ഷാ സംവിധാനങ്ങൾ വെട്ടിച്ച് വിനീഷ് രക്ഷപ്പെട്ടത്. ചായ കുടിക്കാൻ നൽകിയ സ്റ്റീൽ ഗ്ലാസ് ഉപയോഗിച്ച് പത്ത് ദിവസത്തോളം പരിശ്രമിച്ചാണ് ഇയാൾ സെല്ലിലെ ടൈലുകൾ ഇളക്കിമാറ്റിയത്. തുടർന്ന് ഭിത്തി തുരന്ന് പുറത്തുകടക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് വിനീഷ് കുതിരവട്ടത്ത് നിന്ന് ചാടിപ്പോകുന്നത് എന്നത് പോലീസിനെ വലിയ രീതിയിൽ പ്രതിരോധത്തിലാക്കിയിരുന്നു. സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് പോലീസുകാർക്കെതിരെ നേരത്തെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.
കണ്ണൂർ സെൻട്രൽ ജയിലിൽ വിചാരണ തടവുകാരനായിരുന്ന വിനീഷിനെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഡിസംബർ പത്തിന് കുതിരവട്ടത്തെത്തിച്ചത്. പ്രതി പുറത്തിറങ്ങിയ വാർത്ത കൊല്ലപ്പെട്ട ദൃശ്യയുടെ കുടുംബത്തെ വലിയ ആശങ്കയിലാക്കിയിരുന്നു. വിനീഷിൽ നിന്ന് മുൻപും ഭീഷണിയുണ്ടായിരുന്നതിനാൽ കുടുംബത്തിന് പോലീസ് പ്രത്യേക സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. മുംബൈയിൽ നിന്ന് പിടികൂടിയ ഇയാളെ ഉടൻ കേരളത്തിലെത്തിച്ച് കോടതിയിൽ ഹാജരാക്കും. ഒളിവിൽ കഴിയാൻ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
