വിഴിഞ്ഞം ഓഹരി വിവാദം: സർക്കാർ അനുമതിയില്ലാതെ കൈമാറ്റമില്ലെന്ന് അദാനി ഗ്രൂപ്പ്

  1. Home
  2. Kerala

വിഴിഞ്ഞം ഓഹരി വിവാദം: സർക്കാർ അനുമതിയില്ലാതെ കൈമാറ്റമില്ലെന്ന് അദാനി ഗ്രൂപ്പ്

vizhinjam port


വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ ആഗോള ഷിപ്പിംഗ് കമ്പനിയായ എംഎസ്‌സിക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ അദാനി ഗ്രൂപ്പ് ഔദ്യോഗിക വിശദീകരണം നൽകി. കേരള സർക്കാരിന്റെ മുൻകൂർ അനുമതിയും മറ്റ് ഔദ്യോഗിക അംഗീകാരങ്ങളും ലഭിച്ചതിന് ശേഷം മാത്രമേ ഓഹരി കൈമാറ്റ നടപടികളിലേക്ക് കടക്കൂ എന്ന് കമ്പനി വ്യക്തമാക്കി.

സർക്കാരിനെ ഇരുട്ടിൽ നിർത്തിയാണ് നീക്കമെന്ന സംസ്ഥാന സർക്കാരിന്റെ അതൃപ്തിക്കും പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണങ്ങൾക്കും പിന്നാലെയാണ് ഈ പ്രതികരണം. ലിസ്റ്റ് ചെയ്ത കമ്പനികൾ പാലിക്കേണ്ട സെബി ചട്ടങ്ങൾ പ്രകാരമാണ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ വിവരങ്ങൾ ആദ്യം വെളിപ്പെടുത്തിയതെന്നും, തൊട്ടുപിന്നാലെ സർക്കാരിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും അദാനി പോർട്ട്സ് സി.ഇ.ഓ അശ്വനി ഗുപ്ത വ്യക്തമാക്കി.

തുറമുഖത്ത് ഒരു പ്രത്യേക കമ്പനിക്ക് കുത്തകാവകാശം ലഭിക്കുമെന്ന പ്രതിപക്ഷത്തിന്റെ ആശങ്കകൾ അദാനി ഗ്രൂപ്പ് തള്ളി. വിഴിഞ്ഞം എന്നും 'ഓപ്പൺ ആക്സസ്' തുറമുഖമായിത്തന്നെ തുടരുമെന്നും, എംഎസ്‌സി കമ്പനിക്ക് മാത്രമായി പ്രത്യേക മുൻഗണനയോ ബെർത്തിങ് അവകാശങ്ങളോ നൽകില്ലെന്നും അധികൃതർ ഉറപ്പുനൽകി. നിലവിലെ ഘട്ടത്തിൽ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരി പങ്കാളിത്തത്തിൽ ഉടനടി മാറ്റമില്ല. ഭാവിയിൽ ഓഹരി കൈമാറ്റം നടന്നാലും തുറമുഖത്തിന്റെ പൂർണ്ണ നിയന്ത്രണവും പ്രവർത്തന ചുമതലയും അദാനി പോർട്ട്സിന് തന്നെയായിരിക്കും. നിലവിലുള്ള കരാർ വ്യവസ്ഥകളിൽ യാതൊരു മാറ്റവും വരുത്തില്ലെന്നും കമ്പനി അറിയിച്ചു. ഈ വിശദീകരണത്തോടെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉന്നയിച്ച ആരോപണങ്ങളുടെ മൂർച്ച കുറഞ്ഞിരിക്കുകയാണ്.