വേതന വർധനവിൽ തീരുമാനമായി; കോഴിക്കോട്ടെ നഴ്‌സുമാരുടെ സമരം വിജയം
വിവിധ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ നടത്തിവന്ന രാപ്പകൽ സമരം വേതന വർധനവിൽ തീരുമാനമായതോടെ അവസാനിപ്പിച്ചു. മാനേജ്‌മെന്റുകളുമായി ഇന്ന് നടന്ന ചർച്ചയിലാണ് നഴ്‌സുമാരുടെ ആവശ്യങ്ങൾ അംഗീകരിച്ചത്. ഇതനുസരിച്ച് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ 36,000 രൂപയും മേയ്ത്ര ആശുപത്രിയിൽ 37,000 രൂപയുമാണ് കുറഞ്ഞ വേതനമായി നിശ്ചയിച്ചത്.
സമരത്തിൽ പങ്കെടുത്ത നഴ്‌സുമാർക്കെതിരെ പ്രതികാര നടപടികൾ ഉണ്ടാവില്ലെന്നും മുൻപ് സ്വീകരിച്ച നടപടികൾ റദ്ദാക്കുമെന്നും ആശുപത്രി അധികൃതർ ഉറപ്പുനൽകി. ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ചെയർമാൻ ഡോ. കെ.ജി. അലക്‌സാണ്ടറുടെ നേതൃത്വത്തിലാണ് ചർച്ചകൾ നടന്നത്. ബേബി മെമ്മോറിയലിന് കീഴിലുള്ള ആറ് ആശുപത്രികളിലും 36,000 രൂപ വീതം നഴ്‌സുമാർക്ക് ലഭിക്കും. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (UNA) പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ഈ ധാരണയിലെത്തിയത്.
കോഴിക്കോട്ടെ സമരം ഒത്തുതീർപ്പായെങ്കിലും തൃശൂർ അമല, ജൂബിലി, എൽ.എഫ് എന്നിവിടങ്ങളിൽ വേതന വർധനവ് ആവശ്യപ്പെട്ടുള്ള സമരം തുടരുമെന്ന് നഴ്‌സുമാർ അറിയിച്ചു. കോഴിക്കോട്ടെ മാതൃകയിൽ മറ്റു ജില്ലകളിലും വേതനം പുതുക്കി നിശ്ചയിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.
