വാളയാർ കൊലപാതകം: പാലക്കാട് കലക്ടർക്കും എസ്പിക്കും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

  1. Home
  2. Kerala

വാളയാർ കൊലപാതകം: പാലക്കാട് കലക്ടർക്കും എസ്പിക്കും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

walayar


വാളയാറിൽ ബംഗ്ലാദേശിയെന്നാരോപിച്ച് ഛത്തീസ്ഗഡ് സ്വദേശിയായ യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. സംഭവത്തിൽ പാലക്കാട് ജില്ലാ കലക്ടർക്കും എസ്പിക്കും കമ്മീഷൻ നേരിട്ട് നോട്ടീസ് അയച്ചു. എഫ്.ഐ.ആർ, പോസ്റ്റ്മോർട്ടം റിപ്പോർട്ട്, അറസ്റ്റ് മെമ്മോ, മൃതദേഹം വിട്ടുനൽകിയ രേഖകൾ എന്നിവ ഹാജരാക്കാനാണ് നിർദ്ദേശം. ആറാഴ്ചയ്ക്കുള്ളിൽ രേഖകൾ സമർപ്പിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ഡിസംബർ 17-നാണ് ഛത്തീസ്ഗഡ് സ്വദേശിയായ റാം നാരായൺ ഭയ്യ (31) ക്രൂരമായ മർദനത്തിനിരയായി കൊല്ലപ്പെട്ടത്. കള്ളനാണെന്ന് ആരോപിച്ചു തടഞ്ഞുവെച്ച യുവാവിനെ, പിന്നീട് ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് മണിക്കൂറുകളോളം മർദിക്കുകയായിരുന്നു. തലയ്ക്കേറ്റ മാരകമായ പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

കേസിലെ എട്ടു പ്രതികൾക്ക് മണ്ണാർക്കാട് എസ്.സി/എസ്.ടി കോടതി ജാമ്യം അനുവദിച്ചത് വലിയ വിവാദമായിരുന്നു. ഇതിനെതിരെ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം പാലക്കാട് കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു. പ്രതികളുടെ ജാമ്യത്തിനെതിരെ അപ്പീൽ നൽകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ചീഫ് സെക്രട്ടറി ഇതുവരെ ആക്ഷൻ ടേക്കൻ റിപ്പോർട്ട് സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കമ്മീഷന്റെ പുതിയ നീക്കം.