ജാഗ്രതാ മുന്നറിയിപ്പ്;സംസ്ഥാനത്ത് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചികയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്‌നനങ്ങൾക്കും കാരണമായേക്കാമെന്നും പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു
പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്.
പ്രത്യേക ജാഗ്രത വേണ്ടവർ:
പുറംജോലികളിൽ ഏർപ്പെടുന്നവർ
കടൽ/ഉൾനാടൻ മത്സ്യബന്ധന തൊഴിലാളികൾ
ജലഗതാഗതത്തിൽ ഏർപ്പെടുന്നവർ
ബൈക്ക് യാത്രക്കാർ
വിനോദസഞ്ചാരികൾ
ചർമ്മ/നേത്രരോഗങ്ങളുള്ളവർ
കാൻസർ രോഗികളും പ്രതിരോധശേഷി കുറഞ്ഞവരും
മുൻകരുതലുകൾ:
പുറത്തേക്ക് പോകുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് ഉപയോഗിക്കുക
ശരീരം മുഴുവൻ മറയ്ക്കുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക,
ഇടവേളകളിൽ തണലിൽ വിശ്രമിക്കുക,മതിയായ വെള്ളം കുടിക്കുക
മലമ്പ്രദേശങ്ങൾ ഉഷ്ണമേഖല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ അൾട്രാവയലറ്റ് സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന അൾട്രാവയലറ്റ് സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്‌മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും അൾട്രാവയലറ്റ് സൂചിക ഉയർന്നതായിരിക്കും. അതിനാൽ പ്രത്യേകശ്രദ്ധ വേണമെന്നും മുന്നറിയിപ്പിലുണ്ട്
