പേരാമ്പ്ര കാർ ദുരന്തം കൊലപാതകമോ? കാറിനുള്ളിൽ ഫൊറൻസിക് പരിശോധനയിൽ പെട്രോൾ കണ്ടെത്തി; അന്വേഷണം ഊർജ്ജിതം

  1. Home
  2. Kerala

പേരാമ്പ്ര കാർ ദുരന്തം കൊലപാതകമോ? കാറിനുള്ളിൽ ഫൊറൻസിക് പരിശോധനയിൽ പെട്രോൾ കണ്ടെത്തി; അന്വേഷണം ഊർജ്ജിതം

car accident


പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച ദാരുണ സംഭവത്തിൽ നിർണ്ണായക തിരിവ്. കാറിനുള്ളിൽ പെട്രോളിയം ഉൽപ്പന്നത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തി. ഇതിനുപുറമെ കാറിനുള്ളിൽ നിന്നും പെട്രോൾ ക്യാനിന്റേതെന്ന് സംശയിക്കുന്ന മൂടിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. അപകടത്തിൽ ആദ്യമേ ഉയർന്ന ദുരൂഹതകളെ ബലപ്പെടുത്തുന്ന ശക്തമായ തെളിവുകളാണ് ഇപ്പോൾ അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്.

അപകടം നടന്ന സമയത്ത് കാറിന്റെ പുറംഭാഗത്ത് കാര്യമായ കേടുപാടുകൾ ഇല്ലാതിരുന്നതും, വണ്ടിയുടെ ഡീസൽ ടാങ്കിലേക്ക് തീ പടരാതിരുന്നതും പോലീസിൽ വലിയ സംശയങ്ങൾക്കിടയാക്കിയിരുന്നു. കൂടാതെ പ്രാഥമിക പരിശോധനയിൽ കാറിൽ ഷോർട്ട് സർക്യൂട്ടോ ഇന്ധന ടാങ്കിന്റെ തകരാറോ കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ല. ഇതോടെയാണ് കാറിനുള്ളിൽ നിന്ന് തന്നെയാണോ തീ പടർന്നതെന്ന രീതിയിലേക്ക് അന്വേഷണം നീണ്ടത്.

ഇതിനിടെ, അപകടം നടന്ന പ്രദേശത്തിന് സമീപത്തുനിന്നും പോലീസിന് ഒരു നിർണ്ണായക സിസിടിവി ദൃശ്യം ലഭിച്ചു. ഒരു യുവതി കൈയിൽ പെട്രോൾ കാനുമായി നടന്നുപോകുന്നതാണ് ഈ ദൃശ്യങ്ങളിലുള്ളത്. എന്നാൽ ദൃശ്യങ്ങളിലുള്ളത് മരിച്ച സോന തന്നെയാണോ എന്ന കാര്യത്തിൽ പോലീസിന് ഇതുവരെ സ്ഥിരീകരണമായിട്ടില്ല. ഈ യുവതി ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

മരിച്ച സോനയുടെ ഭർത്താവ് രജിത്‌ലാലിനെതിരെ (റീജിൻ ലാൽ) സോനയുടെ കുടുംബം നേരത്തെ തന്നെ വലിയ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. സംഭവത്തിൽ ആസൂത്രിതമായ തീവെപ്പ് നടന്നിട്ടുണ്ടോ എന്ന സംശയത്തിലാണ് നിലവിൽ പോലീസ് അന്വേഷണം. വരും ദിവസങ്ങളിൽ ഇരു കുടുംബാംഗങ്ങളുടെയും മൊഴി പോലീസ് വിശദമായി രേഖപ്പെടുത്തും. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ആശുപത്രിയിൽ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഭർത്താവ് നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.