എലപ്പുള്ളി ബ്രൂവറിക്ക് വെള്ളം: കമ്പനി അപേക്ഷ നൽകി 24 മണിക്കൂറിനുള്ളിൽ അനുമതി നൽകി വാട്ടർ അതോറിറ്റി

എലപ്പുള്ളിയിൽ എഥനോൾ നിർമാണ യൂണിറ്റ് തുടങ്ങുന്നതിനുളള വെളളത്തിന് വാട്ടർ അതോറിറ്റി ഒയാസിസ് കമ്പനിയ്ക്ക് അനുമതി നൽകിയത് അതിവേഗം. കമ്പനി അപേക്ഷ നൽകിയ അതേ ദിവസം തന്നെ വാട്ടർ അതോറിറ്റി അനുമതി നൽകി. എഥനോൾ നിർമ്മാണ യൂണിറ്റിന് എത്ര വെള്ളം വേണമെന്ന് കമ്പനിയുടെ അപേക്ഷയിൽ പോലും ഇല്ലാതിരിക്കെയാണ് വാട്ടർ അതോറിറ്റിയുടെ അതിവേഗ ഇടപെടൽ.
2023 ജൂൺ 16നാണ് ഒയാസിസ് കമ്പനി വെള്ളത്തിനായി വാട്ടർ അതോറ്റിയ്ക്ക് അപേക്ഷ നൽകിയത്. എണ്ണ കമ്പനിയുടെ എഥനോൾ നിർമാണ പ്ലാന്റ് ടെൻഡറിൽ പങ്കെടുക്കുന്നതിനെന്നാണ് അപേക്ഷയിൽ പറയുന്നത്. 600 കോടിരൂപയുടെ പദ്ധതിയാണ്. ടെൻഡറിൽ പങ്കെടുക്കുന്നതിന് വെള്ളത്തിന്റെയും ഭൂമിയുടെയും ലഭ്യത ഉറപ്പാക്കണം. അതിനാണ് വാട്ടർ അതോറിറ്റിയെ സമീപിക്കുന്നത് എന്നാണ് അപേക്ഷയിൽ പറയുന്നത്. എന്നാൽ എത്ര വെള്ളം വേണമെന്നത് അപേക്ഷയിൽ ഒരിടത്തും പറയുന്നതുമില്ല. സാധാരണ ഇത്തരം ഒരു അപേക്ഷ ലഭിച്ചാൽ പദ്ധതി പ്രദേശത്തിന്റെ പ്രത്യേകത, ജലത്തിന്റെ ലഭ്യത തുടങ്ങിയ കാര്യങ്ങളിൽ താഴെക്കടിയിൽ നിന്ന് റിപ്പോർട്ട് കിട്ടിയ ശേഷമാണ് അനുമതി നൽകുക.
ഇത്തരം നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും എടുക്കുമെന്നിരിക്കെയാണ് അപേക്ഷ കിട്ടി അതേ ദിവസം തന്നെ വാട്ടർ അതോറിറ്റി അനുമതി നൽകിയിരിക്കുന്നത്. വാട്ടർ അതോറിറ്റിയുടെ അനുമതി കുറിപ്പിലും എത്ര വെള്ളം നൽകുമെന്ന് വ്യക്തമാക്കിയിട്ടില്ല. സാധാരണക്കാരായ ആളുകൾ വാട്ടർ കണക്ഷനു വേണ്ടി ആഴ്ചകൾ കാത്തിരിക്കുമ്പോഴാണ് മദ്യകമ്പനിയ്ക്ക് വേണ്ടി വാട്ടർ അതോറിറ്റിയുടെ അതിവേഗ ഇടപെടൽ. അപേക്ഷയ്ക്ക് അതിവേഗം അനുമതി നൽകുന്നതിൽ അസ്വാഭാവികതയില്ലെന്ന് വാട്ടർ അതോറിറ്റി വ്യക്തമാക്കി. എല്ലാ രേഖകളും ലഭ്യമാണെങ്കിൽ വേണമെങ്കിൽ ഉടൻ അനുമതി നൽകുന്നതിൽ തെറ്റില്ലെന്നാണ് വിശദീകരണം.