വയനാട് യുവതിയെ കൊലപ്പെടുത്തിയ കേസ് : മൂത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പ്രതിക്ക് എതിരെ പോക്‌സോ കുറ്റം ചുമത്തി

വയനാട്ടിലെ തിരുനെല്ലിയിൽ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി
ദിലീഷിനെതിരെ പോക്‌സോ കേസ് ചുമത്തി. യുവതിയുടെ മൂത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് പോക്‌സോ കേസ് ചുമത്തിയത്.കൊലപാതകം, തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള കുറ്റങ്ങൾ നേരത്തെ ദിലീഷിന് എതിരെ ചുമത്തിയിരുന്നു.
യുവതിയെ കൊലപ്പെടുത്തിയതിന് പിന്നാലെ കാണാതായ യുവതിയുടെ ഇളയമകളെ വീടിനടുത്ത തോട്ടത്തിൽ നിന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.13 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെയും പ്രതിയെയും പൊലീസ് കണ്ടെത്തുന്നത്.
കൊലപാതകത്തിനിടെ യുവതിയുടെ മൂത്തമകൾക്ക് പരിക്കേറ്റിരുന്നു.കുട്ടിയെ വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു.വൈദ്യ പരിശോധനക്കിടെയായിരുന്നു കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പുറത്ത് വരുന്നത്. തുടർന്ന് പ്രതിക്കെതിരെ പോക്‌സോ കേസെടുത്തു. കുട്ടി അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു