ഞങ്ങൾക്ക് വേണ്ട, അവർക്ക് തിരിച്ച് ഞങ്ങളെ വേണം; ആ മഹാരോ​ഗം എനിക്കില്ല: കെ. സുധാകരൻ

  1. Home
  2. Trending

ഞങ്ങൾക്ക് വേണ്ട, അവർക്ക് തിരിച്ച് ഞങ്ങളെ വേണം; ആ മഹാരോ​ഗം എനിക്കില്ല: കെ. സുധാകരൻ

k sudhakaran


ഒരു ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ദൂരം ഇനി നമുക്ക് കുറവാണ്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയെക്കുറിച്ച് ചർച്ചകൾ സജീവമാകുന്നുണ്ട്. ഈ അവസരത്തിലാണ് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ മലയാള മനോരമ തിരുവനന്തപുരം ചീഫ് ബ്യൂറോ സുജിത്ത് നായരുമായി ക്രോസ് ഫയലിൽ വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ കുറിച്ചും തനിക്ക് ബാധിച്ച അസുഖത്തെ കുറിച്ചും മനസ് തുറന്നു. 

ഒരു വർഷത്തിൽ ഏറെയായി തന്നെ ബാധിച്ച വലിയ രോഗത്തിന്റെ ചികിത്സാർത്ഥം അമേരിക്കയിലെ മയോ ക്ലിനിക്കിൽ അദ്ദേഹം ചില വിട്ടിരുന്നു. ഇപ്പോൾ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ കെപിസിസി പ്രസിഡൻറ് സജീവമാണ്. അമേരിക്ക, സ്വന്തം പൗരന് ഇതുപോലെ സംരക്ഷണം നൽകുന്ന ഭരണകൂടം മറ്റെവിടെയും ഉണ്ടാകില്ല എന്നും ജോലി നഷ്ടപ്പെട്ടാലും ജീവിക്കാനുള്ള പിന്തുണയും രോഗിയായാൽ ചികിത്സിക്കാനുള്ള സഹായവും രാജ്യം നൽകുന്നുണ്ടെന്നും സുധാകരൻ പറയുന്നു. നമ്മുടെ നാട്ടിൽ നിന്നും ധാരാളം പേർ അവിടെയുണ്ടല്ലോ ? അവിടത്തെ പൊതുജനങ്ങൾ സംതൃപ്തരായാണ് എന്നാണ് തോന്നിയത്. സ്വന്തം പൗരനോട് അവിടത്തെ സർക്കാർ കാട്ടുന്ന താൽപര്യവും നീതിയും തന്നെ അത്ഭുതപ്പെടുത്തി എന്നും കെ സുധാകരൻ പറഞ്ഞു. 

കേരളത്തിലെ പല ആശുപത്രികളിലും താൻ ചികിത്സ തേടിയിരുന്നു. മയസ്തീനിയ ഗ്രാവിസ് എന്ന രോഗമാണ് തനിക്ക് പിടിപെട്ടത്. അതിനുള്ള ചികിത്സയാണ് ഈ കാലയളവിൽ സ്വീകരിച്ചത്. പേശികൾ ദുർബലമായി ഒടുവിൽ ജീവിതം ഒതുങ്ങുന്ന രോഗമാണിത്. സാധാരണഗതിയിൽ ഈ രോഗം ബാധിക്കുന്നവർ തിരിച്ചുവരുന്നത് അപൂർവ്വമാണ്. അത്രയ്ക്കും ഭീകരമായ രോഗം. പക്ഷേ പിന്നീട് പരിശോധനയിൽ അങ്ങനെയൊരു രോഗം എനിക്കില്ല എന്നാണ് തെളിഞ്ഞത്.

എനിക്ക് അങ്ങനെയുള്ള ഒരു രോഗവും ഇല്ല. ആകെയുള്ളത് പ്രമേഹമാണ്-  കെ സുധാകരൻ പറയുന്നു. ഇനി കെപിസിസിയിൽ കൂടുതൽ സമയം ഉണ്ടാകും. ഒപ്പം കേരളത്തിലെ എല്ലായിടത്തും എത്തിച്ചേരും. മറ്റു കുഴപ്പങ്ങളൊന്നും ഇല്ല. ഇപ്പോൾ നാലോ അഞ്ചോ ഗുളികകൾ കഴിക്കുന്നു. അതിൽ ചിലത് വൈറ്റമിൻ ഗുളികകളാണ്. പ്രമേഹം നിയന്ത്രിച്ചു പോകുന്നു. ക്രോസ് ഫയലിൽ അദ്ദേഹം പറഞ്ഞു.

ലീഗ് മൂന്നാമതൊരു സീറ്റ് ചോദിച്ചാലോ എന്ന സുജിത്ത് നായരുടെ ചോദ്യത്തിന് അവർക്ക് അത് ചോദിക്കാനുള്ള അർഹതയുണ്ട് എന്നായിരുന്നു കെ സുധാകരന്റെ മറുപടി. ലീഗിനെ വെറുപ്പിക്കേണ്ട ഒരു കാര്യവുമില്ല. ലീഗിൻറെ എംപി വന്നാലും നമ്മുടെ എംപി തന്നെയാണ്. നമ്മുടെ എംപി ലീഗിന്റെയും. പിടിവാശിക്കൊന്നും ഞങ്ങൾ ഇല്ല. പക്ഷേ, ചില പ്രയാസങ്ങൾ ഞങ്ങൾക്കുണ്ട്. അത് അവരെ പറഞ്ഞ് ബോധ്യപ്പെടുത്തും. 

വീണ്ടും മത്സരിക്കാനില്ല എന്ന നിലപാടിലാണ് താൻ ഉള്ളതെന്നും കെ സുധാകരൻ പറയുന്നു. ഹൈകമാന്റിന്റെ നിർദ്ദേശത്തിനു വേണ്ടിയാണ് കാത്തിരിക്കുന്നത്. കേന്ദ്ര -കേരള സർക്കാറുകൾക്കെതിരെ ജനമനസ്സുകളിൽ ഒരു തീകുണ്ഡം സൃഷ്ടിക്കാൻ പര്യാപ്തമായ റാലികൾ ആവും സമരാ​ഗ്നി എന്ന പേരിൽ നടക്കുക.  ബൂത്തുതലം മുതൽ അതിനുള്ള ശക്തി സമാഹരണം നടക്കും. കേരളത്തിൽ എമ്പാടുമുള്ള ജനങ്ങളിലേക്ക് കോൺഗ്രസിന്റെ സന്ദേശം എത്തിക്കും. പ്രവർത്തകർക്ക് പതിന്മടങ്ങ് ആത്മവിശ്വാസം നൽകും. കോൺഗ്രസിന് ഉണർവും ഉന്മേഷവും നൽകുന്ന സംഘടനാ പ്രവർത്തന ശൈലിയുടെ തുടർച്ചയാണ് സമരാ​ഗ്നി എന്നും സുധാകരൻ വിശദീകരിക്കുന്നു.

താൻ കെപിസിസിയുടെ തലപ്പത്ത് വന്നതിനുശേഷം ആണ് ഇത്രയധികം റാലികൾ നടക്കുന്നത്. കെപിസിസിയിലെ ചുരുക്കം ചില ഭാരവാഹികളാണ് ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നത്. അവർക്ക് ആത്മവിശ്വാസം നൽകുക എന്നതാണ് എൻറെ കടമയെന്നും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് ഇതെല്ലാം എന്നും സുധാകരൻ പറയുന്നു. 

കോട്ടയത്തെ വാർത്താസമ്മേളനത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ചും സുജിത്ത് നായർ ചോദിക്കുന്നുണ്ട്. ഇപ്പോൾ അതൊന്നും എൻറെ മനസ്സിൽ ഇല്ല എന്നായിരുന്നു സുധാകരൻ നൽകിയ മറുപടി. അങ്ങനെ വെച്ചാൽ ഒരുമിച്ചു പോകാൻ കഴിയില്ലല്ലോ ? മനസ്സിൽ ഒരു ഈർഷയുണ്ടായാൽ അത് മുറിവേൽപ്പിച്ചു കൊണ്ടിരിക്കും. അതുകൊണ്ട് അതങ്ങ് മറന്നു കളയുകയാണ് നല്ലത്. ഞാൻ ആരോടും പ്രതികാരവും അനുഭവവും പുലർത്തുന്ന ആളല്ല ഗ്രൂപ്പ് നോക്കി ആരെയും പരിഗണിക്കാറും അവഗണിക്കാ‌റുമില്ല.

എല്ലാവരോടും സൗഹൃദത്തോടും സ്നേഹത്തോടും പെരുമാറുന്നതാണ് എൻറെ രീതി. നിസ്സഹരണത്തിന്റെ പേരിൽ മുഖം കറുപ്പിച്ച് മാറിനിൽക്കുന്നത് പാർട്ടിക്ക് ഗുണകരമാവില്ല എന്നും സുധാകരൻ പറയുന്നുണ്ട്. പാർട്ടിയുടെ നേതൃനിരയിൽ ഒരു പ്രശ്നവും ഇല്ലെന്നും എല്ലാവരും ഒരുമിച്ചാണ് പോകുന്നതെന്നും മിക്ക ദിവസവും ഞങ്ങളെല്ലാം പരസ്പരം സംസാരിക്കാറുണ്ടെന്നും കെപിസിസി പ്രസിഡൻറ് വിശദീകരിച്ചു.

 ഡൽഹിയിൽ കേന്ദ്രത്തിനെതിരെ എൽഡിഎഫ് സർക്കാർ സംഘടിപ്പിക്കുന്ന സമരത്തിൽ പങ്കെടുക്കാത്തത് എന്താണ് എന്ന് ചോദ്യത്തിന് ആരാണ്ട് ശക്തി ചൂണ്ടിക്കാണിച്ച് വലിയവനാകാൻ നോക്കിയിട്ട് കാര്യമില്ല, അവനവന്റെ കരുത്ത് ആദ്യം തെളിയിക്കണം എന്നായിരുന്നു സുധാകരൻ നൽകിയ മറുപടി. ബിജെപിയെ എങ്ങനെ എതിർക്കണം എന്ന് കോൺഗ്രസിന് നിശ്ചയമുണ്ട്.

അതിന് രാജ്യത്തൊക്കെ നേതാക്കളും പ്രവർത്തകരും കോൺഗ്രസിനുണ്ട്. ഇക്കൂട്ടരുടെ പിന്തുണയൊന്നും ഞങ്ങൾക്ക് വേണ്ട.  അവർക്ക് തിരിച്ച് ഞങ്ങളെ വേണം കേരളം വിട്ടാൽ ആരുണ്ട് ഇവരുടെ കൂടെ. പത്താളെ വെച്ച് എത്ര സംസ്ഥാനങ്ങളിൽ ഇവർക്ക് ജാഥനടത്താൻ കഴിയും. എന്നിട്ടാണ്  കോൺഗ്രസിനെ ആക്ഷേപിക്കുന്നത് എന്നും സുധാകരൻ പറഞ്ഞു