'കേരളത്തിൽ 10,000 കോടി നിക്ഷേപിക്കാൻ കത്ത് നൽകിയിട്ടില്ല'; മുഖ്യമന്ത്രി വി ഡി സതീശനെ തള്ളി ടാറ്റ ഗ്രൂപ്പ്
കേരളത്തിൽ കപ്പൽ നിർമ്മാണ സംരംഭം ആരംഭിക്കാൻ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നതായുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്. സംസ്ഥാനത്ത് നിർമ്മാണ സംരംഭത്തിൽ 10,000 കോടി രൂപ നിക്ഷേപിക്കാൻ ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നതായും ഇതുമായി ബന്ധപ്പെട്ട അനുമതിക്കായി ടാറ്റ ഗ്രൂപ്പ് അപേക്ഷ നൽകിയതായും ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞിരുന്നു.
എന്നാൽ ദക്ഷിണേന്ത്യയിലോ മറ്റെവിടെയെങ്കിലുമോ ഇങ്ങനെയൊരു പദ്ധതി നിലവിൽ തങ്ങളുടെ ആലോചനയിലില്ലെന്ന് ടാറ്റ ഗ്രൂപ്പ് വക്താവ് വ്യക്തമാക്കിയതായി ഇക്കണോണിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇത്തരമൊരു പദ്ധതിയെക്കുറിച്ച് തങ്ങൾക്ക് യാതൊരു അറിവുമില്ലെന്നാണ് ടാറ്റ ഗ്രൂപ്പിന്റെ വിശദീകരണം. ബ്ലൂംബെർഗ് അഭിമുഖത്തിന്റെ വീഡിയോ കണ്ടെന്നും എന്നാൽ മുഖ്യമന്ത്രി എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ലെന്നും ടാറ്റ ഗ്രൂപ്പ് എക്സിക്യൂട്ടീവ് പ്രതികരിച്ചു. അദ്ദേഹം പറയാൻ ഉദ്ദേശിച്ച കാര്യം ഇതാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ കപ്പൽ നിർമ്മാണ സംരംഭത്തിൽ 10,000 കോടി രൂപ നിക്ഷേപിക്കാൻ ടാറ്റ ഗ്രൂപ്പിൽ നിന്ന് അപേക്ഷ കിട്ടിയെന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ അഭിമുഖത്തിൽ പറഞ്ഞത്. അപേക്ഷ വിശദമായി പരിശോധിച്ച ശേഷം സർക്കാർ തീരുമാനമെടുക്കുമെന്നും കപ്പൽ നിർമ്മാണത്തിന് ആവശ്യമായ സ്ഥലം അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ടാറ്റ ഗ്രൂപ്പിന്റെ നിർദ്ദേശത്തെ സംസ്ഥാന സർക്കാർ അനുകൂലമായാണ് കാണുന്നതെന്നും ഒരു മാസത്തിനകം ഇതിന് അംഗീകാരം നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞിരുന്നു. ഈ അവകാശവാദമാണ് ഇപ്പോൾ ടാറ്റ ഗ്രൂപ്പ് തള്ളിയിരിക്കുന്നത്.
