കേരളത്തിൽ തുലാവർഷം ദുർബലം; ഒമ്പത് ജില്ലകളിൽ മഴക്കുറവ്

  1. Home
  2. Kerala

കേരളത്തിൽ തുലാവർഷം ദുർബലം; ഒമ്പത് ജില്ലകളിൽ മഴക്കുറവ്

rain alert


കേരളത്തിൽ തുലാവർഷം പ്രതീക്ഷിച്ച രീതിയിൽ ലഭിക്കുന്നില്ല. ഒക്ടോബർ ഒന്ന് മുതൽ നവംബർ 23 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 14 ജില്ലകളിൽ ഒമ്പതിലും സാധാരണയേക്കാൾ കുറഞ്ഞ മഴയാണ് രേഖപ്പെടുത്തിയത്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ തിരുവനന്തപുരം കേന്ദ്രം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മലപ്പുറത്താണ് ഏറ്റവും കൂടുതൽ മഴക്കുറവ് രേഖപ്പെടുത്തിയത്. ദീർഘകാല ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ 42 ശതമാനമാണ് ഇവിടെ മഴ കുറഞ്ഞത്. കാസർകോട്, തൃശൂർ, ഇടുക്കി ജില്ലകളിൽ 37 ശതമാനം വീതവും കൊല്ലത്ത് 33 ശതമാനവും എറണാകുളത്ത് 32 ശതമാനവും മഴ കുറഞ്ഞു. കോട്ടയത്ത് 28 ശതമാനവും കണ്ണൂരിൽ 27 ശതമാനവും കോഴിക്കോട്ട് 22 ശതമാനവുമാണ് മഴക്കുറവ്.

അതേസമയം, വയനാട്ടിൽ സാധാരണയേക്കാൾ നാല് ശതമാനം അധികം മഴ ലഭിച്ചു. സാധാരണ മഴ ലഭിച്ച ഏക ജില്ലയും വയനാടാണ്. തിരുവനന്തപുരത്ത് 12 ശതമാനവും ആലപ്പുഴയിൽ 16 ശതമാനവും പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ 18 ശതമാനം വീതവും മഴ കുറഞ്ഞെങ്കിലും ഐഎംഡിയുടെ മാനദണ്ഡപ്രകാരം ഈ ജില്ലകൾ സാധാരണ മഴ ലഭിച്ച വിഭാഗത്തിലാണ്.

ദീർഘകാല ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ 20 മുതൽ 59 ശതമാനം വരെ മഴ കുറഞ്ഞാലാണ് മഴക്കുറവായി കണക്കാക്കുന്നത്. 19 ശതമാനം കുറവ് മുതൽ 19 ശതമാനം കൂടുതൽ വരെയുള്ള മഴ സാധാരണ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.

തുലാവർഷക്കാലത്ത് സംസ്ഥാനത്ത് മഴയുടെ വിതരണം അസന്തുലിതമായിരുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രത്യേകിച്ച് മധ്യ, വടക്കൻ കേരളത്തിലെ ജില്ലകളിലാണ് മഴക്കുറവ് കൂടുതലായി അനുഭവപ്പെട്ടത്. അതേസമയം, ഒരു ജില്ലയിലും അധികമഴയോ വലിയ മഴക്കുറവോ രേഖപ്പെടുത്തിയിട്ടില്ല.