ആലുവയിൽ 21.380 കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി പിടിയിൽ
ആലുവയിൽ 21.380 കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി പിടിയിൽ. 25കാരനായ ഹസനെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ബിലാസ്പുർ-എറണാകുളം ജങ്ഷൻ സൂപ്പർഫാസ്റ്റ് ട്രെയിനിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് ആലുവയിൽ ഇറങ്ങിയപ്പോഴാണ് പിടിയിലായത്.
ആലുവ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ട്രോളി ബാഗിനുള്ളിൽ 17 പാഴ്സലുകളിലായാണ് 21.380 കിലോഗ്രാം കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. റെനിഗുണ്ടയിൽ നിന്ന് ആലുവ, പെരുമ്പാവൂർ മേഖലകളിലെ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്ന കഞ്ചാവ് സംഘത്തിന് കൈമാറാനാണ് ഇത് എത്തിച്ചതെന്നാണ് എക്‌സൈസിന്റെ കണ്ടെത്തൽ.
ആലുവ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എക്‌സൈസ് ഇൻസ്പെക്ടർ ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും സംയുക്തമായാണ് പരിശോധന നടത്തിയത്.ഒരാഴ്ച മുൻപ് ആലുവ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലും 25 കിലോഗ്രാം കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടിയിരുന്നു.
