മന്ത്രി എത്തിയപ്പോൾ റിസപ്ഷനിൽ ആളില്ല; ആലപ്പുഴ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിലെ അഞ്ച് ജീവനക്കാർക്ക് സസ്പെൻഷൻ

  1. Home
  2. Kerala

മന്ത്രി എത്തിയപ്പോൾ റിസപ്ഷനിൽ ആളില്ല; ആലപ്പുഴ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിലെ അഞ്ച് ജീവനക്കാർക്ക് സസ്പെൻഷൻ

p k basheer


പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ എത്തിയപ്പോൾ റിസപ്ഷനിൽ ജീവനക്കാരില്ലാതിരുന്ന സംഭവത്തിൽ ആലപ്പുഴ ബീച്ചിന് സമീപത്തെ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിലെ അഞ്ച് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. റെസ്റ്റ് ഹൗസ് മാനേജർ വി.വി. വിപിനൻ, എസ്.എൽ.ആർ. വർക്കർ കെ. കമർ, കുക്ക് എം.ആർ. രാമാനുജൻ, മേട്ടി ശ്രീകല നന്ദനൻ, ബട്‌ലർ ബിനു സെബാസ്റ്റ്യൻ എന്നിവർക്കെതിരെയാണ് മന്ത്രിയുടെ നിർദേശപ്രകാരം നടപടിയെടുത്തത്.

മന്ത്രി റെസ്റ്റ് ഹൗസിലെത്തിയ സമയത്ത് റിസപ്ഷനിൽ ആരും ഉണ്ടായിരുന്നില്ല. തുടർന്ന് ജീവനക്കാരുടെ ഹാജർ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാൻ മന്ത്രി നിർദേശിക്കുകയായിരുന്നു. കെട്ടിട വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ, ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് ജീവനക്കാരിൽ രണ്ടുപേർ മാത്രമാണ് ഹാജർ രേഖപ്പെടുത്തിയിരുന്നതെന്നും മൂന്നുപേർ ഹാജർ രേഖപ്പെടുത്തിയിട്ടില്ലെന്നും കണ്ടെത്തി.

മന്ത്രി എത്തിയ സമയത്ത് ജീവനക്കാർ ഉച്ചഭക്ഷണം കഴിക്കാൻ പുറത്തുപോയതാണെന്നായിരുന്നു അധികൃതരുടെ വിശദീകരണം. എന്നാൽ, സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകാൻ കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറോട് മന്ത്രി ആവശ്യപ്പെട്ടു. ലഭിച്ച റിപ്പോർട്ടിന്റെയും പരിശോധനയിൽ കണ്ടെത്തിയ ഗുരുതര വീഴ്ചകളുടെയും അടിസ്ഥാനത്തിലാണ് അഞ്ച് ജീവനക്കാരെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. സർക്കാർ വിശ്രമമന്ദിരങ്ങൾ പൊതുജനങ്ങൾക്ക് കൂടി ഉപയോഗപ്രദമാകുന്ന രീതിയിൽ പരിഷ്കരിച്ച സാഹചര്യത്തിൽ, ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള ഇത്തരം അനാസ്ഥകൾ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വകുപ്പ് വ്യക്തമാക്കി.