'അധികാരം വരുമ്പോൾ കൂടുന്ന ചങ്ങാതിമാരെ സൂക്ഷിക്കണം'; വി.ഡി. സതീശന് സുധീരന്റെ ഉപദേശം

  1. Home
  2. Kerala

'അധികാരം വരുമ്പോൾ കൂടുന്ന ചങ്ങാതിമാരെ സൂക്ഷിക്കണം'; വി.ഡി. സതീശന് സുധീരന്റെ ഉപദേശം

v m sudheeran


നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ഉപദേശവും ആശംസകളുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. അധികാരം വരുമ്പോൾ ചുറ്റും കൂടുന്ന ചങ്ങാതിമാരെ കരുതലോടെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹം സതീശനെ ഓർമ്മിപ്പിച്ചു. വി.ഡി. സതീശൻ മുഖ്യമന്ത്രി സ്ഥാനത്തെത്തിയത് നൂറു ശതമാനം സ്വാഭാവിക നീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരുപാട് തിരഞ്ഞെടുപ്പുകളിൽ ഞാൻ മത്സരിച്ചിട്ടുണ്ട്, പക്ഷേ ഇത്തവണ സതീശന് ലഭിച്ചതുപോലൊരു പിന്തുണ ഒരു സന്ദർഭത്തിലും കണ്ടിട്ടില്ലെന്ന് സുധീരൻ പറഞ്ഞു. വീട്ടമ്മമാരും കുട്ടികളും ഇളംതലമുറയുമെല്ലാം ഒരേ വികാരത്തിലാണ് പ്രതികരിച്ചത്. ഇക്കാര്യം ഞാൻ ഹൈക്കമാൻഡിനെ മുൻപേ അറിയിച്ചിരുന്നു. നൂറ് സീറ്റിലധികം നേടിയില്ലെങ്കിൽ വനവാസത്തിന് പോകുമെന്ന സതീശന്റെ പ്രഖ്യാപനം പ്രവർത്തകരിൽ വലിയ ആത്മവിശ്വാസമാണ് വളർത്തിയത്. ഇത് അണികളുടെയും മതേതര വിശ്വാസികളുടെയും ആവേശം വർധിപ്പിച്ച തീരുമാനമായിരുന്നു.

സാമുദായിക പ്രമാണിമാരുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെയും വർഗീയ കക്ഷികളെ പ്രീണിപ്പിക്കാതെയും യുഡിഎഫിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ സതീശന് സാധിച്ചതാണ് ജനങ്ങളിൽ നിന്ന് ഇത്ര വലിയ അംഗീകാരം ലഭിക്കാൻ കാരണമെന്ന് സുധീരൻ ചൂണ്ടിക്കാട്ടി. തന്റെ അനുജൻ എന്ന നിലയിൽ സതീശന്റെ നേട്ടത്തിൽ വലിയ അഭിമാനമുണ്ടെന്നും കേരളത്തിൽ ഒരു പുതുയുഗ സൃഷ്ടി നടത്താൻ ഈ മന്ത്രിസഭയ്ക്ക് സാധിക്കട്ടെയെന്നും ആശംസിച്ചുകൊണ്ടാണ് സുധീരൻ വാക്കുകൾ അവസാനിപ്പിച്ചത്. യുഡിഎഫിലെ എല്ലാ ഘടകകക്ഷികൾക്കും സതീശന്റെ നേതൃത്വത്തിൽ വലിയ വിശ്വാസമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.