ആരാണ് ഈ മറ്റുള്ളവർ?; വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി

  1. Home
  2. Kerala

ആരാണ് ഈ മറ്റുള്ളവർ?; വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി

cm pinarayi vijayan


സംസ്ഥാനത്ത് നടന്ന വോട്ടർ പട്ടിക തീവ്ര പുനഃപരിശോധനയുടെ (SIR) ഭാഗമായി ഏകദേശം 25 ലക്ഷം പേർ പട്ടികയിൽ നിന്നും പുറത്തായെന്ന വാർത്തയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മരിച്ചവർക്കും താമസം മാറിയവർക്കും പുറമെ "മറ്റുള്ളവർ" എന്ന വിഭാഗത്തിൽപ്പെടുത്തി വലിയ തോതിലുള്ള ഒഴിവാക്കൽ നടക്കുന്നുവെന്നും ഇത് ആരാണെന്ന കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പോലും വ്യക്തതയില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

വേണ്ടത്ര സുതാര്യതയില്ലാതെയും അനാവശ്യ തിടുക്കത്തോടെയുമാണ് കമ്മീഷൻ നടപടികൾ പൂർത്തിയാക്കിയതെന്ന് മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. ഒരു ജില്ലയിൽ മാത്രം ഏകദേശം രണ്ട് ലക്ഷത്തോളം പേർ പട്ടികയ്ക്ക് പുറത്തായെന്നാണ് ലഭ്യമായ വിവരങ്ങൾ. 2002-ന് ശേഷം ആദ്യമായി നടക്കുന്ന ഈ പ്രക്രിയയിൽ, ഇന്ന് 40 വയസ്സിന് താഴെയുള്ളവർക്ക് തങ്ങളുടെ ബന്ധുത്വം തെളിയിക്കേണ്ടി വരുന്ന സാഹചര്യം വോട്ടവകാശത്തിന് തടസ്സമാകുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ ബി.എൽ.ഒമാരെ സമ്മർദ്ദത്തിലാക്കി നടത്തിയ ഈ പരിഷ്‌കരണം പുനഃപരിശോധിക്കണമെന്ന സർക്കാരിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും ആവശ്യം കമ്മീഷൻ അംഗീകരിച്ചിരുന്നില്ല.

അർഹരായ ഒരു വോട്ടർ പോലും പട്ടികയിൽ നിന്നും പുറത്താകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വോട്ടവകാശം നിഷേധിക്കുന്നത് ജനാധിപത്യത്തിന്റെ അടിത്തറ തകർക്കുന്നതിന് തുല്യമാണ്. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും സർക്കാർ ഉന്നയിച്ച ആശങ്കകൾ ഗൗരവകരമാണെന്ന് കോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അർഹരായ മുഴുവൻ ആളുകളെയും ഉൾപ്പെടുത്തി പട്ടിക സുതാര്യമാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.