ആരെയാണ് ഇവർ ഭയപ്പെടുന്നത്?; ചലച്ചിത്രമേളയിൽ ബോധപൂർവമായ ഇടപെടലെന്ന് മന്ത്രി സജി ചെറിയാൻ

  1. Home
  2. Kerala

ആരെയാണ് ഇവർ ഭയപ്പെടുന്നത്?; ചലച്ചിത്രമേളയിൽ ബോധപൂർവമായ ഇടപെടലെന്ന് മന്ത്രി സജി ചെറിയാൻ

saji cherian


രാജ്യാന്തര ചലച്ചിത്രമേളയിൽ (ഐ.എഫ്.എഫ്.കെ.) സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. കേന്ദ്രം ആരെയാണ് ഭയപ്പെടുന്നതെന്ന് മന്ത്രി ചോദിച്ചു. ലോകപ്രശസ്തമായ ക്ലാസിക്കൽ ചിത്രങ്ങൾ ഉൾപ്പെടെയുള്ള പലസ്തീൻ സിനിമകൾ പ്രദർശിപ്പിക്കേണ്ടെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു.

മേളയ്ക്ക് തുരങ്കം വെക്കുന്ന തരത്തിലുള്ള ബോധപൂർവമായ ഇടപെടലാണ് കേന്ദ്രത്തിൻ്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് മന്ത്രി ആരോപിച്ചു. ആദ്യം എല്ലാ സിനിമകൾക്കും അനുമതി നിഷേധിക്കുകയായിരുന്നു. ഇത്തരമൊരു ഇടപെടൽ മുൻപ് കേന്ദ്രം നടത്തിയിട്ടില്ല. ഇതിൽ ശക്തമായ പ്രതിഷേധമുണ്ട്. "ഇങ്ങനെയെങ്കിൽ അടുത്ത പ്രാവശ്യം ചലച്ചിത്രമേള നടക്കുമോയെന്ന് ആശങ്കയുണ്ട്," അദ്ദേഹം പറഞ്ഞു.

അടിയന്തരമായി കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം വിഷയത്തിൽ ഇടപെടണമെന്നും എല്ലാ സിനിമകളും കാണാൻ അവസരം ഒരുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സിനിമകൾ വിലക്കിയത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിൻ്റെ സാമൂഹികാന്തരീക്ഷം, രാഷ്ട്രീയ വീക്ഷണങ്ങൾ, മൗലികമായ പ്രസക്തികൾ തുടങ്ങിയവ പുതിയ തലമുറയ്ക്ക് പഠിക്കാൻ കഴിയുന്ന വലിയ മേളയാണിത്. കേരളത്തിലെ സാംസ്‌കാരിക വകുപ്പിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ മേളയും ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാ മേളകളിലൊന്നുമാണിത്. സിനിമാ ടൂറിസത്തിലൂടെ നമ്മുടെ സമ്പദ്ഘടനയിൽ കാതലായ മാറ്റം വരുത്താൻ കഴിയുന്ന സന്ദർഭത്തിൽ എല്ലാ തരത്തിലും കേന്ദ്രം കേരളത്തെ ദ്രോഹിക്കുകയാണ്. ഇങ്ങനെയെങ്കിൽ ഇനിയാരെങ്കിലും രാജ്യാന്തര മേള കാണാൻ വരുമോയെന്നും മന്ത്രി സജി ചെറിയാൻ ആശങ്കപ്പെട്ടു. അനുമതി നിഷേധിച്ചതിനെ തുടർന്ന് ഐ.എഫ്.എഫ്.കെ.യിൽ 19 സിനിമകളാണ് പ്രദർശിപ്പിക്കാൻ കഴിയാതിരുന്നത്.