മുഖ്യമന്ത്രി ആര്?; ഡൽഹിയിൽ ഇന്ന് നിർണ്ണായക ചർച്ചകൾ
കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള തിരക്കിട്ട ചർച്ചകൾ ഇന്ന് ഡൽഹിയിൽ തുടരും. യുഡിഎഫ് ഉജ്ജ്വല വിജയം നേടിയിട്ടും മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കാനാവാത്ത സാഹചര്യത്തിൽ, കേരളത്തിലെ മുതിർന്ന നേതാക്കളെ കോൺഗ്രസ് ഹൈക്കമാൻഡ് നേരിട്ട് വിളിപ്പിച്ചിട്ടുണ്ട്. മുൻ കെപിസിസി അധ്യക്ഷന്മാരായ കെ. മുരളീധരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം. സുധീരൻ, എം.എം. ഹസൻ, കെ. സുധാകരൻ എന്നിവരുമായി ഹൈക്കമാൻഡ് ഇന്ന് കൂടിക്കാഴ്ച നടത്തും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ചകൾ നടക്കുന്നത്.
തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ തുടങ്ങിയ പ്രമുഖ നേതാക്കളോടും ഡൽഹിയിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. നേതാക്കളെ വ്യക്തിപരമായി കണ്ട് അഭിപ്രായം തേടിയ ശേഷം അന്തിമ തീരുമാനമെടുക്കാനാണ് ഹൈക്കമാൻഡ് നീക്കം. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ മൂന്ന് നേതാക്കളാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുള്ളത്.
കെ.സി. വേണുഗോപാലിന് എംഎൽഎമാരുടെയും എംപിമാരുടെയും വലിയൊരു വിഭാഗത്തിന്റെ പിന്തുണയുണ്ടെന്നാണ് റിപ്പോർട്ട്. ഹൈക്കമാൻഡിന് ഇദ്ദേഹത്തോടുള്ള താല്പര്യവും അനുകൂല ഘടകമാണ്. എന്നാൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ തിരഞ്ഞെടുപ്പിനെ നയിച്ച വി.ഡി. സതീശന് അനുകൂലമായി പൊതുജനവികാരവും ഘടകകക്ഷികളുടെ പിന്തുണയുമുണ്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം അവകാശപ്പെടുന്നത്. അതേസമയം, മുതിർന്ന നേതാവ് എന്ന പരിഗണനയിൽ രമേശ് ചെന്നിത്തലയും പ്രതീക്ഷ കൈവിട്ടിട്ടില്ല.
സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, എ.കെ. ആന്റണി എന്നിവരുടെ നിലപാടുകൾ ഈ തീരുമാനത്തിൽ നിർണ്ണായകമാകും. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു വൈകുന്നേരത്തോടെയോ നാളെയോ ഉണ്ടായേക്കുമെന്നാണ് സൂചന. പൊതുജനവികാരം സതീശന് അനുകൂലമാണെന്നിരിക്കെ, എംഎൽഎമാരുടെ ഭൂരിപക്ഷം വേണുഗോപാലിനൊപ്പമാണ് എന്ന വൈരുദ്ധ്യം ഹൈക്കമാൻഡിനെ കുഴപ്പിക്കുന്നുണ്ട്.
