വന്യജീവി ആക്രമണം: കൃഷിനാശത്തിന്റെ നഷ്ടപരിഹാര തുക 100 ശതമാനം വർധിപ്പിച്ച് സർക്കാർ ഉത്തരവ്

  1. Home
  2. Kerala

വന്യജീവി ആക്രമണം: കൃഷിനാശത്തിന്റെ നഷ്ടപരിഹാര തുക 100 ശതമാനം വർധിപ്പിച്ച് സർക്കാർ ഉത്തരവ്

SHIBU


വന്യജീവി ആക്രമണങ്ങളെ തുടർന്നുണ്ടാകുന്ന കൃഷിനാശത്തിനുള്ള നഷ്ടപരിഹാര തുക സംസ്ഥാന സർക്കാർ 100 ശതമാനമായി വർധിപ്പിച്ചു. നഷ്ടപരിഹാര തുകയുടെ ഉയർന്ന പരിധിയും അപേക്ഷകളുടെ എണ്ണത്തിലുള്ള നിയന്ത്രണങ്ങളും പൂർണ്ണമായി ഒഴിവാക്കിക്കൊണ്ടാണ് വനംവകുപ്പ് ഉത്തരവിറക്കിയത്. കഴിഞ്ഞ പത്ത് വർഷത്തെ കണക്കുകൾ പരിശോധിച്ചപ്പോൾ നിലവിലുള്ള നഷ്ടപരിഹാരം വളരെ അപര്യാപ്തമാണെന്ന് വ്യക്തമായതിനെ തുടർന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ശുപാർശ പ്രകാരം തുക ഇരട്ടിയാക്കാൻ തീരുമാനിച്ചത്.

പുതിയ ഉത്തരവ് പ്രകാരം തേങ്ങ, കൊക്കോ തുടങ്ങിയ കാർഷികോൽപ്പന്നങ്ങളെ ആദ്യമായി നഷ്ടപരിഹാര പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഒരു തേങ്ങയ്ക്ക് 15 രൂപ നിരക്കിലും കൊക്കോയ്ക്ക് കിലോഗ്രാമിന് 30 രൂപ നിരക്കിലും കർഷകർക്ക് ധനസഹായം ലഭിക്കും.

കൃഷിനാശമോ ഉൽപ്പന്ന നാശമോ സംഭവിച്ചാൽ 72 മണിക്കൂറിനുള്ളിലോ പരമാവധി രണ്ട് ആഴ്ചയ്ക്കുള്ളിലോ അധികൃതരെ വിവരം അറിയിക്കേണ്ടതുണ്ട്. തുടർന്ന് ആറ് മാസത്തിനുള്ളിൽ നിർദ്ദിഷ്ട മാനദണ്ഡങ്ങൾ അനുസരിച്ച് അപേക്ഷ സമർപ്പിക്കണം. അതേസമയം, അപേക്ഷകരുടെ അർഹത സംബന്ധിച്ച മറ്റ് നിബന്ധനകൾ മുൻപത്തെ പോലെ തന്നെ തുടരുമെന്നും വനംവകുപ്പ് അറിയിച്ചു.