'യുഡിഎഫ് യോഗം ചേരുമ്പോൾ അറിയിക്കും'; അടൂർ പ്രകാശിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ
യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യവിമർശനങ്ങളോട് നേരിട്ട് പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഷയത്തിൽ മറ്റു അഭിപ്രായ പ്രകടനങ്ങൾക്കൊന്നും തയ്യാറാകാതിരുന്ന അദ്ദേഹം, യുഡിഎഫ് യോഗം ചേരുന്ന തിയതി പിന്നീട് മാധ്യമങ്ങളെ അറിയിക്കുമെന്ന് വ്യക്തമാക്കി. മുന്നണി യോഗം ചേരാത്തതിനെക്കുറിച്ച് ചെയർമാനോട് ചോദിക്കണമെന്ന് അടൂർ പ്രകാശ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തിന്റെ തെളിവാണ് ഇപ്പോൾ പുറത്തുവരുന്നതെന്ന തരത്തിലുള്ള പരിഹാസവും അദ്ദേഹം ഉന്നയിക്കുകയുണ്ടായി.
എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിച്ചു വരികയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ബാറുകളുടെ ക്ലാസിഫിക്കേഷൻ നടപ്പിലാക്കിയില്ലെങ്കിൽ നിരവധി ബാറുകൾ പൂട്ടിപ്പോകുമായിരുന്നുവെന്നും നിലവിലെ മാനദണ്ഡമനുസരിച്ച് ബാറുകൾ അടച്ചുപൂട്ടുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു നിലപാടെടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു. പുതിയ മദ്യനയം രൂപീകരിക്കുന്ന വേളയിൽ ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യുമെന്നും ബോർഡ്-കോർപ്പറേഷൻ ചെയർമാന്മാരുടെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്തമില്ലെന്നോ പാർട്ടിയിൽ ഐക്യമില്ലെന്നോ അടൂർ പ്രകാശ് പറഞ്ഞിട്ടില്ലെന്ന് സതീശൻ വ്യക്തമാക്കി. കോൺഗ്രസിലെ പ്രധാന നേതാക്കളെല്ലാം മന്ത്രിസഭയുടെ ഭാഗമാണെന്നും കൂട്ടായാണ് തീരുമാനങ്ങളെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഘടനാപരമായ കാര്യങ്ങളിൽ കെപിസിസി പ്രസിഡന്റാണ് മറുപടി പറയേണ്ടതെന്നും ആസൂത്രണ ബോർഡിലേക്ക് വനിതകളെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് മന്ത്രി ബിന്ദുകൃഷ്ണ നിർദ്ദേശങ്ങളൊന്നും നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
