ദീർഘകാല വൈദ്യുതി കരാർ പിൻവലിച്ചതാണ് നിലവിലെ ക്ഷാമത്തിന് കാരണം: സണ്ണി ജോസഫ്

  1. Home
  2. Kerala

ദീർഘകാല വൈദ്യുതി കരാർ പിൻവലിച്ചതാണ് നിലവിലെ ക്ഷാമത്തിന് കാരണം: സണ്ണി ജോസഫ്

sunny joseph


ദീർഘകാല വൈദ്യുതി കരാർ പിൻവലിച്ചതാണ് സംസ്ഥാനത്തെ നിലവിലെ വൈദ്യുതി ക്ഷാമത്തിന് കാരണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കരാർ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും കേസ് വേഗത്തിൽ നീക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.വൈദ്യുതി നിയന്ത്രണം സംബന്ധിച്ച് ഉപഭോക്താക്കൾക്ക് നേരത്തെ മുന്നറിയിപ്പ് നൽകാനുള്ള തീരുമാനം എടുത്തിട്ടുണ്ട്. പരമാവധി മുൻകൂട്ടി അറിയിപ്പ് നൽകുമെന്നും മന്ത്രി വ്യക്തമാക്കി.വൈദ്യുതി പ്രതിസന്ധി വേഗത്തിൽ പരിഹരിക്കാൻ അത്ഭുതകരമായി ഒന്നും ചെയ്യാനാകില്ലെന്നും സ്വിച്ച് ഇട്ടതുപോലെ പരിഹരിക്കാവുന്ന വിഷയമല്ല ഇതെന്നും സണ്ണി ജോസഫ് പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാൻ പരമാവധി ശ്രമം തുടരുകയാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ട്. വൈകിട്ട് ആറരയ്ക്കും രാത്രി പന്ത്രണ്ടരയ്ക്കും ഇടയിൽ നിയന്ത്രണമുണ്ടാകുമെന്നാണ് കെഎസ്ഇബിയുടെ മുന്നറിയിപ്പ്.ഇന്നലെ രാത്രിയിൽ പലയിടത്തും ഒന്നിലധികം തവണ വൈദ്യുതി മുടങ്ങിയിരുന്നു. കൊടുംചൂടിനെ തുടർന്ന് വൈദ്യുതി ആവശ്യകത ഉയർന്നതും ആവശ്യത്തിന് അനുസരിച്ച് വൈദ്യുതി ലഭ്യമാകാത്തതുമാണ് നിയന്ത്രണത്തിന് കാരണം. സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം സെപ്റ്റംബർ 30 വരെ തുടരുമെന്ന് കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം അറിയിച്ചു.