പ്രതിശ്രുത വരന്റെ മരണത്തിന് പിന്നാലെ യുവതി ജീവനൊടുക്കി
പ്രതിശ്രുത വരൻ ബൈക്ക് അപകടത്തിൽ മരിച്ചതിന് പിന്നാലെ യുവതി ജീവനൊടുക്കി. കോതമംഗലം വാരപ്പെട്ടി ഇഞ്ചൂർ കോട്ടക്കുടിയിൽ ജോണിയുടെ മകൾ ഹന്ന (23) ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്.
ചൊവ്വാഴ്ച രാത്രി കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപമുണ്ടായ ബൈക്ക് അപകടത്തിലാണ് ഹന്നയുടെ പ്രതിശ്രുത വരനായ മലയിൻകീഴ് ഗൊമേന്തപ്പടി കുരിശിങ്കൽ ആന്റണി മരിച്ചത്. ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
ബുധനാഴ്ചയായിരുന്നു ആന്റണിയുടെ സംസ്‌കാരം. ഇതിന് പിന്നാലെ വ്യാഴാഴ്ചയാണ് ഹന്നയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു ഹന്ന. അമ്മ പരേതയായ മിനി. സഹോദരി ഹണി ലാബ് ടെക്‌നീഷ്യനാണ്.
ഹന്നയുടെ സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് ഇഞ്ചൂർ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും.
