പ്രസവത്തിനു പിന്നാലെ യുവതി മരിച്ചു; വണ്ടൂരിലെ സ്വകാര്യ ആശുപത്രിക്കെതിരെ പ്രതിഷേധം
മലപ്പുറം വണ്ടൂരിൽ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനു ശേഷം അമിത രക്തസ്രാവമുണ്ടായി യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. വണ്ടൂർ എറിയാട് കണ്ടമംഗലം പുതിയത് ദിൽഷാദിന്റെ ഭാര്യ ഷബ്‌ന (36) ആണ് ഇന്നലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
കഴിഞ്ഞ മൂന്നിന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനു ശേഷമാണ് ഷബ്‌നയ്ക്ക് അമിത രക്തസ്രാവമുണ്ടായത്. വണ്ടൂരിലെ സ്വകാര്യ ആശുപത്രിയുടെ ചികിത്സാപിഴവാണ് മരണത്തിന് കാരണമെന്ന് ആരോപിച്ചാണ് ന്ധുക്കളും നാട്ടുകാരും എത്തി പ്രതിഷേധിച്ചത്. ആശുപത്രിയുടെ ഉള്ളിലേക്ക് തള്ളിക്കയറിയ പ്രതിഷേധക്കാരെ പൊലീസ് ഇടപെട്ട് ബലംപ്രയോഗിച്ച് ഇവരെ ഗേറ്റിന് പുറത്താക്കി.ഇതോടെ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. സംഭവത്തിൽ പ്രതിഷേധം തുടരുകയാണ്.
