കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ചു; തിരുവനന്തപുരത്തും രണ്ട് പേർക്ക് കടിയേറ്റു
ആലപ്പുഴ കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ചു. ചേരാവള്ളി സ്വദേശി സലീന (42) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് ദാരുണമായ സംഭവം നടന്നത്. ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സലീന. പറമ്പിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ എടുക്കാൻ പോയ സമയത്താണ് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി ഇന്ന് രണ്ട് പേർക്ക് കൂടി പാമ്പ് കടിയേറ്റു. പോത്തൻകോട് വേങ്ങോട് സ്വദേശി ദുർഗ്ഗ, വർക്കല സ്വദേശിയായ ആശാ വർക്കർ ഷംന എന്നിവർക്കാണ് കടിയേറ്റത്. വീടിന്റെ അടുക്കള ഭാഗത്ത് വെച്ചാണ് ഷംനയ്ക്ക് കടിയേറ്റത്. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, തൃശൂർ കോടാലിയിൽ പാമ്പ് കടിയേറ്റ് എട്ടു വയസ്സുകാരൻ മരിച്ച വീട്ടിൽ നിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി. കിടപ്പുമുറിയിൽ കണ്ട ശംഖുവരയൻ പാമ്പിനെ നാട്ടുകാർ തല്ലിക്കൊന്നു. കുട്ടി മരിച്ച ശേഷം നാലാം തവണയാണ് ഈ വീട്ടിൽ നിന്ന് പാമ്പിനെ പിടികൂടുന്നത്. കഴിഞ്ഞ ദിവസവും ഇവിടെ നിന്ന് ശംഖുവരയനെ കണ്ടെത്തിയിരുന്നു.
സംസ്ഥാനത്ത് പാമ്പുകടി സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, എല്ലാ ആശുപത്രികളിലും കൃത്യമായ ചികിത്സാ പ്രോട്ടോക്കോൾ ഉറപ്പാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചു. താലൂക്ക് ആശുപത്രികൾ മുതൽ ആന്റി സ്നേക്ക് വെനം ലഭ്യമാണെന്നും വീടിനുള്ളിൽ പാമ്പുകൾ കയറാതെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.
