ആറ്റുകാലിൽ വാടകവീട്ടിൽ യുവതി തൂങ്ങിമരിച്ച നിലയിൽ; ഭർതൃപീഡനമെന്ന് ആരോപണം
തിരുവനന്തപുരം ആറ്റുകാലിൽ വാടകവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വർക്കല സ്വദേശിനിയായ ആരതി (26)യാണ് മരിച്ചത്. ഭർത്താവിന്റെ പീഡനത്തെ തുടർന്നാണ് ആരതി ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.ഒന്നര വർഷം മുൻപായിരുന്നു ആരതിയുടെയും അതുലിന്റെയും വിവാഹം. ഇരുവരും തമ്മിൽ നിരന്തരം കുടുംബവഴക്കുണ്ടായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.
വിവാഹസമയത്ത് നൽകിയിരുന്ന 50 പവൻ സ്വർണം അതുൽ വിവിധ ഘട്ടങ്ങളിലായി പണയം വെക്കുകയും പിന്നീട് എട്ട് ലക്ഷം രൂപയ്ക്ക് വിറ്റ് കാർ വാങ്ങുകയും ചെയ്തതായി കുടുംബം ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങളും പിന്നീട് പണം ആവശ്യപ്പെട്ടുള്ള മാനസിക-ശാരീരിക പീഡനവും പതിവായിരുന്നുവെന്നും കുടുംബം പറയുന്നു.ഭർത്താവ് മർദിച്ചതിന്റെ ദൃശ്യങ്ങൾ ആരതി തന്റെ അമ്മയ്ക്ക് അയച്ചുനൽകിയിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു.
സംഭവത്തിന് തലേദിവസം രാത്രിയും ദമ്പതികൾ തമ്മിൽ വഴക്കുണ്ടായിരുന്നുവെന്നാണ് വിവരം. തുടർന്ന് അതുൽ വീട്ടിൽ നിന്ന് പുറത്തുപോയ ശേഷമാണ് ആരതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
