കളമശേരിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; രണ്ടുപേർ കൂടി പിടിയിൽ
കളമശേരിയിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ രണ്ടുപേർ കൂടി പൊലീസ് പിടിയിൽ. സംഭവശേഷം ഒളിവിൽ പോയ വയനാട് സ്വദേശിനി അമ്മുവിനെയും സഞ്ജുവിനെയുമാണ് കളമശേരി പൊലീസ് പിടികൂടിയത്. സഞ്ജു കേസിലെ പ്രതികൾക്ക് സഹായം നൽകിയെന്നാണ് പൊലീസ് കണ്ടെത്തൽ.
സ്പായിൽ ജോലി നൽകാമെന്ന് പറഞ്ഞ് അഭിമുഖത്തിനായി വിളിച്ച യുവതിയെ ലോഡ്ജിലെത്തിച്ച് ബലമായി മദ്യവും ലഹരിവസ്തുക്കളും നൽകിയ ശേഷം ശ്രീരാജും ജിത്ത് മാർട്ടിനും ചേർന്ന് ഒക്ടോബർ രണ്ടിന് ലൈംഗികാതിക്രമത്തിനിരയാക്കിയെന്നാണ് കേസ്. പിറ്റേന്ന് രാവിലെ അമ്മുവും യുവതിയെ ലൈംഗികാതിക്രമത്തിനിരയാക്കിയതായി പൊലീസ് പറഞ്ഞു. കേസിൽ സ്പാ ഉടമയായ ശ്രീരാജിനെയും ജിത്ത് മാർട്ടിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഒക്ടോബർ മൂന്നിന് വൈകിട്ട് ലോഡ്ജിൽ നിന്ന് രക്ഷപ്പെട്ട യുവതി വീട്ടിലെത്തി ഭർത്താവിനോട് വിവരം പറയുകയായിരുന്നു. തുടർന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകി. യുവതി നിലവിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് യുവതി കടുത്ത മാനസിക വിഷമത്തിലാണെന്ന് ഭർത്താവ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ബലാത്സംഗത്തിനിരയായ അതിജീവിതയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മന്ത്രി വി.ഇ. അബ്ദുല്‍ ഗഫൂര്‍ അറിയിച്ചു. അതിജീവിതയുടെ ഭര്‍ത്താവുമായി മന്ത്രി ഫോണില്‍ സംസാരിക്കുകയും നിലവിലെ സാഹചര്യം നേരിട്ട് അന്വേഷിക്കുകയും ചെയ്തു. അതിജീവിതയ്ക്ക് ആവശ്യമായ ചികിത്സയും നിയമസഹായവും ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍സഹായങ്ങളും ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി..
