ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലം സ്വദേശിയായ ടി.ടി.ഇ അറസ്റ്റിൽ
ട്രെയിനിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ റെയിൽവേ ടി.ടി.ഇ അറസ്റ്റിൽ. കൊല്ലം കടയ്ക്കൽ സ്വദേശി ഷിജുവിനെയാണ് ഷൊർണൂർ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഡിവിഷനിലെ ജീവനക്കാരനായ ഇയാൾ സംഭവസമയത്ത് അമിതമായി മദ്യപിച്ചിരുന്നതായി പോലീസ് അറിയിച്ചു.
നിസാമുദ്ദീൻ എക്സ്പ്രസിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 3:30-ഓടെ തൃശൂരിനും വള്ളത്തോൾ നഗറിനും ഇടയിലാണ് സംഭവം നടന്നത്. ഭർത്താവിനോടൊപ്പം റിസർവേഷൻ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ സ്വകാര്യഭാഗത്ത് ടി.ടി.ഇ കടന്നുപിടിക്കുകയായിരുന്നു.
വ്യത്യസ്ത സീറ്റുകളിലായിരുന്നു യുവതിയും ഭർത്താവും ഇരുന്നിരുന്നത്. അതിക്രമത്തിന് ഇരയായ ഉടൻ തന്നെ യുവതി റെയിൽവേ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ട്രെയിൻ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
