കോട്ടയം മെഡിക്കൽ കോളേജിൽ തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ സ്ത്രീ മരിച്ചു

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരു സ്ത്രീക്ക് ദാരുണാന്ത്യം. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇവർ കുടുങ്ങിക്കിടക്കുകയായിരുന്നു. അപകടം നടന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് സ്ത്രീയെ പുറത്തെടുക്കാൻ കഴിഞ്ഞത്. രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീയാണ് അപകടത്തിൽപ്പെട്ടത്. ആശുപത്രി കെട്ടിടത്തിൽ കുളിക്കാൻ പോയതായിരുന്നു ഇവർ.
ഇന്ന് രാവിലെ 11 മണിയോടെയാണ് മെഡിക്കൽ കോളേജിലെ കെട്ടിടത്തിന്റെ ഒരുഭാഗം പൊളിഞ്ഞുവീണത്. 14-ാം വാർഡിന്റെ അടച്ചിട്ട ബാത്ത്‌റൂം ഭാഗമാണ് ഇടിഞ്ഞു വീണത്. ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞു വീണതെന്നാണ് അധികൃതർ പറയുന്നത്. രണ്ട് പേർക്ക് പരിക്കേറ്റു എന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരം. പിന്നീട് അഗ്‌നിരക്ഷാ സേനയും പൊലീസും നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങി കിടന്ന സ്ത്രീയെ പുറത്തെടുത്തത്.