ഭാര്യയ്ക്ക് ചെലവിനുനൽകാതെ മുങ്ങിനടന്നു; ഭർത്താവിനെ കൈയോടെ പൊക്കി വനിതാകമ്മിഷൻ

  1. Home
  2. Kerala

ഭാര്യയ്ക്ക് ചെലവിനുനൽകാതെ മുങ്ങിനടന്നു; ഭർത്താവിനെ കൈയോടെ പൊക്കി വനിതാകമ്മിഷൻ

wedding


ഭാര്യയ്ക്ക് ചെലവിനു നൽകാത്തതിന് കോടതി വാറന്റ് പുറപ്പെടുവിച്ചിട്ടും വഴങ്ങാതെ മുങ്ങിനടന്ന ഭർത്താവിനെ പാലക്കാട് ജില്ലാപഞ്ചായത്ത് ഹാളിൽ വ്യാഴാഴ്ച നടന്ന തെളിവെടുപ്പിനിടെ വനിതാ കമ്മിഷൻ കൈയോടെ പിടികൂടി. പട്ടാമ്പി കൊപ്പം മേൽമുറി സ്വദേശി പുഷ്പരാജനെയാണ്‌ (46) വനിതാ കമ്മിഷൻ പിടികൂടി കോടതിയിലെത്തിച്ചത്. കോടതിയിലും വനിതാ കമ്മിഷൻ സിറ്റിങ്ങിലും ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്നു പുഷ്പരാജൻ. തെളിവെടുപ്പിനിടെ അപ്രതീക്ഷിതമായെത്തി. ഇയാളെ തിരിച്ചറിഞ്ഞ കമ്മിഷൻ ഡയറക്ടർ പി.ബി. രാജീവിന്റെ രഹസ്യനിർദേശപ്രകാരം പാലക്കാട് വനിതാ സെല്ലിൽനിന്ന് പോലീസെത്തി അറസ്റ്റുചെയ്യുകയായിരുന്നു. പിന്നീട് കൊപ്പം പോലീസിനു കൈമാറി. കമ്മിഷൻ അംഗങ്ങളായ വി.ആർ. മഹിളാമണി, അഡ്വ. എലിസബത്ത് മാമ്മൻ മത്തായി എന്നിവരുടെ അധ്യക്ഷതയിലായിരുന്നു തെളിവെടുപ്പ്.

ഭാര്യയും വിവാഹിതയായ മകളും തൊഴിലാളികളായ രണ്ട് ആൺമക്കളുമടങ്ങുന്നതാണ് പുഷ്പരാജന്റെ കുടുംബം. ഭാര്യയ്ക്ക് പ്രതിമാസം 7,500 രൂപ ചെലവിനു നൽകാൻ പട്ടാമ്പി ജെ.സി.എം. കോടതി ഉത്തരവിട്ടിരുന്നു. ഇതു കണക്കിലെടുക്കാതെ പുഷ്പരാജൻ മുങ്ങി. ഇതോടെ, ചെലവിനു നൽകേണ്ട വകയിൽ കുടിശ്ശിക 1,10,000 രൂപയായി ഉയർന്നു. കുടിശ്ശികയായ 1,10,000 രൂപയിൽ 10,000 രൂപ കെട്ടിവെച്ചതോടെ പട്ടാമ്പി ജെ.സി.എം. കോടതി ജാമ്യത്തിൽവിട്ടു. ബാക്കിതുക 5,000 രൂപവീതം പ്രതിമാസ തവണകളായി അടയ്ക്കാമെന്ന ഉറപ്പും കോടതിയിൽ നൽകി.