ബസ് യാത്രയിലെ സ്ത്രീകളുടെ ലാഭം സമ്പാദ്യമാക്കും; കെ.എസ്.എഫ്.ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ

  1. Home
  2. Kerala

ബസ് യാത്രയിലെ സ്ത്രീകളുടെ ലാഭം സമ്പാദ്യമാക്കും; കെ.എസ്.എഫ്.ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ

vd satheesan


കേരളത്തിലെ വനിതകൾക്ക് കൂടുതൽ സാമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കെ.എസ്.എഫ്.ഇ (KSFE) വഴി പുതിയ 'പിങ്ക് ചിട്ടി' പദ്ധതി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. കെ.എസ്.ആർ.ടി.സിയിലെ (KSRTC) സൗജന്യ യാത്രയിലൂടെ സ്ത്രീകൾക്ക് ദിവസേന ലാഭിക്കാൻ കഴിയുന്ന തുക ഈ പിങ്ക് ചിട്ടിയിൽ നിക്ഷേപിച്ച് അവർക്ക് സ്വന്തമായി ഒരു വലിയ സമ്പാദ്യം കെട്ടിപ്പടുക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആലുവയിൽ നടന്ന എം.എൽ.എ മെറിറ്റ് അവാർഡ് വിതരണ ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്രാ പദ്ധതി വഴി സർക്കാരിന് പ്രതിവർഷം ആയിരം കോടി രൂപയുടെ ബാധ്യതയുണ്ടാകുമെങ്കിലും അതിനെ വെറുമൊരു സാമ്പത്തിക നഷ്ടമായി കാണുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ പദ്ധതി കേരളത്തിൽ വലിയൊരു സാമൂഹിക-സാമ്പത്തിക മുന്നേറ്റത്തിന് കാരണമാകുമെന്നും, ആയിരം കോടി രൂപയേക്കാൾ മൂല്യമുള്ള വലിയ മാറ്റമാണ് ഇതിലൂടെ സ്ത്രീകളുടെ ജീവിതത്തിൽ ഉണ്ടാകാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബസ് യാത്രയിലൂടെ ലാഭിക്കുന്ന തുക പിങ്ക് ചിട്ടി വഴി വനിതകളുടെ കൈകളിലേക്ക് എത്തുന്നതോടെ അവരുടെ വലിയൊരു സമ്പാദ്യ മാർഗ്ഗമായി ഇത് മാറും. അതേസമയം, ഉയർന്ന ശമ്പളം വാങ്ങുന്നവർക്ക് സ്വന്തമായി ടിക്കറ്റ് എടുക്കാനുള്ള സൗകര്യം 'പ്രിയദർശനി പദ്ധതി'യിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ വ്യക്തമാക്കി.