കേന്ദ്ര അജണ്ടയെങ്കിൽ പി.എം ശ്രീ അംഗീകരിക്കില്ല: നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്

  1. Home
  2. Kerala

കേന്ദ്ര അജണ്ടയെങ്കിൽ പി.എം ശ്രീ അംഗീകരിക്കില്ല: നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്

munavarali


കേന്ദ്ര അജണ്ട നടപ്പാക്കാനുള്ള നീക്കമാണെങ്കിൽ കേരളത്തിൽ പി.എം ശ്രീ പദ്ധതി അംഗീകരിക്കില്ലെന്ന് മുസ്ലിം യൂത്ത് ലീഗ്. കേവലം ഫണ്ട് ലഭ്യതയ്ക്കപ്പുറം മറ്റ് ലക്ഷ്യങ്ങൾ പദ്ധതിക്കുണ്ടെങ്കിൽ അത് നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ ദുബായിൽ വ്യക്തമാക്കി. വിഷയത്തിൽ വിദ്യാഭ്യാസമന്ത്രിക്ക് കൃത്യമായ വ്യക്തതയുണ്ടെന്നും മന്ത്രിസഭാ ഉപസമിതി പ്രായോഗിക വശങ്ങളാണ് നിലവിൽ പരിശോധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി.എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ സർക്കാരുകൾ വ്യാമോഹിക്കേണ്ടതില്ലെന്ന് എം.എസ്.എഫും മുൻപ് വ്യക്തമാക്കിയിരുന്നു. ഭരണം മാറുന്നതിനനുസരിച്ച് സംഘടനയുടെ നിലപാടിൽ മാറ്റമുണ്ടാകില്ലെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഫറഫുദ്ദീൻ പിലാക്കൽ പ്രഖ്യാപിച്ചിരുന്നു. ലീഗ് യുവജന-വിദ്യാർഥി സംഘടനകൾ എതിർപ്പ് ശക്തമാക്കിയതോടെ വിഷയത്തിൽ സർക്കാരിന് മേൽ രാഷ്ട്രീയ സമ്മർദ്ദം ഏറിയിട്ടുണ്ട്.

അതേസമയം, പദ്ധതി നടപ്പാക്കുന്നതിൽ അടിയന്തര തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് വീണ്ടും കത്തയച്ചു. കത്ത് ലഭിച്ചതായി സ്ഥിരീകരിച്ച വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ, യു.ഡി.എഫ് നേതൃത്വവുമായും മുഖ്യമന്ത്രിയുമായും ആലോചിച്ച ശേഷം മാത്രമായിരിക്കും കേന്ദ്രത്തിന് മറുപടി നൽകുകയെന്ന് വ്യക്തമാക്കി. മുൻ സർക്കാർ ധാരണാപത്രത്തിൽ ഒപ്പിട്ട പശ്ചാത്തലത്തിൽ, വിഷയം വിശദമായി ചർച്ച ചെയ്ത് അന്തിമ നിലപാടിലെത്താനാണ് സർക്കാറിന്റെ തീരുമാനം.