കായികമേളയിലെ ഉച്ചഭക്ഷണത്തിൽ 'പുഴു': വീഡിയോ എടുത്ത അധ്യാപകൻ അറസ്റ്റിൽ; ഗൂഢാലോചന അന്വേഷിക്കുമെന്ന് മന്ത്രി
സംസ്ഥാന സ്കൂൾ കായിക മേളയിൽ നൽകിയ ഉച്ചഭക്ഷണത്തിൽ പുഴുവുണ്ടെന്ന രീതിയിൽ വീഡിയോ ചിത്രീകരിച്ച അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം വെസ്റ്റ് വെങ്ങോല ശാലേം സ്കൂളിലെ അധ്യാപകൻ ജിജോ ജയിംസിനെയാണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ച വിദ്യാഭ്യാസ വകുപ്പ്, ജിജോ ജയിംസിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായും അറിയിച്ചു.
ഭക്ഷണത്തിൽ പുഴുവുണ്ടെന്ന ആരോപണവുമായി വീഡിയോ ചിത്രീകരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സംഘാടകരുമായി അധ്യാപകൻ വാക്കേറ്റത്തിലേർപ്പെടുകയും തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുക്കുകയുമായിരുന്നു. മേളയുടെ ശോഭ കെടുത്താൻ മനഃപൂർവം ശ്രമിച്ചെന്ന സംഘാടകരുടെ പരാതിയിലാണ് പോലീസ് നടപടി.
കായികമേളയെ അലങ്കോലപ്പെടുത്താൻ അധ്യാപകനും ചില മാധ്യമപ്രവർത്തകരും ചേന്ന് തയ്യാറാക്കിയ തിരക്കഥയാണിതെന്നും സംഭവത്തിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനയെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ പറഞ്ഞു.
