'ഒരുപറ്റം സാധാരണക്കാരുടെ ഉപജീവനമാർഗത്തിന്റെ മുകളിൽ താങ്കൾ എൻഡോസൾഫാൻ വിതറുന്നു'; ചലച്ചിത്ര അക്കാദമി ചെയർമാന് കെ. ബി ഗണേഷ് കുമാറിന്റെ തുറന്ന കത്ത്
ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിന് ഗണേഷ് കുമാറിന്റെ തുറന്ന കത്ത്. സിനിമാ സീരിയൽ രംഗം എൻഡോസൾഫാനെക്കാൾ വിഷലിപ്തമാണ് എന്ന പരാമർശം പ്രേംകുമാർ നടത്തിയിരുന്നു. പരാമർശത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ചുകൊണ്ടായിരുന്നു ഗണേഷ് കുമാർ ചലച്ചിത്ര അക്കാദമി ചെയർമാന് കത്ത് നൽകിയത്. മേഖലയിൽ എന്തെങ്കിലും തരത്തിലുള്ള തിരുത്തലുകൾ ആവശ്യമാണെങ്കിൽ ഇടപെടൽ നടത്തണം.
താങ്കളുടെ പരാമർശത്തെ 'ആത്മ' ശക്തമായി അപലപിക്കുന്നു. സീരിയലിന്റെ നിർമിതി, കഥ പറയുന്ന രീതി, സാമൂഹ്യവിപത്തുകൾ എന്നിവയിൽ അഭിപ്രായം പറയാൻ അഭിനേതാക്കൾക്ക് കഴിയാറില്ല. താങ്കൾ പരാമർശിക്കുന്ന എൻഡോസൾഫാനിസം പ്രസ്താവനയുടെ പിന്നാലെ നടീനടന്മാർക്ക് തത്രപ്പെട്ട പോകേണ്ട ആവശ്യമില്ല. എങ്കിലും താങ്കളുടെ അന്നം മുടക്കുന്ന പ്രവണത കണ്ടാൽ നിശബ്ദരായിരിക്കാനും നിർവാഹമില്ല എന്നും ഗണേഷ് കുമാർ കത്തിൽ ചൂണ്ടിക്കാട്ടുന്നു. സീരിയലുകളുമായി ബന്ധപ്പെട്ട ഉള്ളടക്കം, കഥ, അഭിനേതാക്കൾ എന്നിവയെക്കുറിച്ചൊക്കെ വിനോദ ചാനലുകൾ ആണ് നിഷ്കർഷിക്കുന്നത്. അതുകൊണ്ടുതന്നെ താങ്കളുടെ ആരോപണത്തിന്റെ കുന്തമുന ലക്ഷ്യം വയ്ക്കുന്നത് കേരളത്തിലെ വിനോദ ചാനലുകളെയാണ്.
മലയാള സീരിയലുകളിൽ 90% വും മറ്റു ഭാഷകളിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരകളുടെ മൊഴിമാറ്റമാണ്. അപ്പോൾ താങ്കൾ പറയുന്ന ഈ എൻഡോസൾഫാൻ ഇന്ത്യ മൊത്തം വിതറി കൊണ്ടിരിക്കുന്ന ഒന്നാണ് എന്നും ഗണേഷ് കുമാർ കത്തിൽ ചൂണ്ടിക്കാട്ടുന്നു സിനിമ സീരിയൽ മേഖലകളിലെ ഒരുപറ്റം സാധാരണക്കാരുടെ ഉപജീവനമാർഗത്തിന്റെ മുകളിലാണ് താങ്കൾ ഇപ്പോൾ എൻഡോസൾഫാൻ വിതറുന്നത് എന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. 'ആത്മ' പ്രസിഡൻറ് കെ ബി ഗണേഷ് കുമാർ എംഎൽഎ ജനറൽ സെക്രട്ടറി പി ദിനേശ് പണിക്കർ വൈസ് പ്രസിഡൻറ് മോഹൻ അയിരൂർ ഉൾപ്പെടെയുള്ള സംഘടന പ്രതിനിധികളാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ നടത്തിയ പരാമർശത്തെ അപലപിച്ച് തുറന്ന കത്തെഴുതിയത്.