കിളിമാനൂരിൽ ചാർജർ അഡാപ്റ്ററിൽ ഒളിപ്പിച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ
തിരുവനന്തപുരം കിളിമാനൂരിൽ മൊബൈൽ ഫോൺ ചാർജറിന്റെ അഡാപ്റ്ററിൽ ഒളിപ്പിച്ച മൂന്ന് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. പൊരുന്തമൺ സ്വദേശി അബിൻ പി.ആർ. എന്ന 21കാരനെയാണ് ഡാൻസാഫ് സംഘവും കിളിമാനൂർ പൊലീസും ചേർന്ന് പിടികൂടിയത്. ഓപ്പറേഷൻ തുഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
കിളിമാനൂരിലും സമീപ പ്രദേശങ്ങളിലും ലഹരി വിൽപ്പന നടക്കുന്നതായി റൂറൽ എസ്.പി. പ്രശാന്തൻകണി ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പൊരുന്തമൺ ഭാഗത്ത് പട്രോൾ നടത്തുന്നതിനിടെ സംശയം തോന്നിയ ബൈക്ക് തടഞ്ഞു നിർത്തി യുവാവിനെ പരിശോധിച്ചപ്പോൾ പാൻ്റ്സിൻ്റെ പോക്കറ്റിൽ നിന്നും ലഭിച്ച ഫോൺ ചാർജറിന്റെ അഡാപ്റ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന് വിൽപ്പനയ്ക്കായി എംഡിഎംഎ എത്തിച്ചതാണെന്ന് ചോദ്യം ചെയ്യലിൽ യുവാവ് സമ്മതിച്ചതായി പൊലീസ് അറിയിച്ചു.പ്രതിയെ കോടതിയിൽ ഹാജരാക്കും.
