കൊല്ലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം; അഞ്ചുപേർ കസ്റ്റഡിയിൽ
കൊല്ലം സന്ദർശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ബിനു ചുള്ളിയിലിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് ബിനു അടക്കം അഞ്ച് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആശ്രാമം മൈതാനത്ത് ഹെലികോപ്റ്റർ മാർഗമെത്തിയ അമിത് ഷാ, കുണ്ടറ മുളവനയിൽ നടക്കുന്ന 'സഹ്കാർ സേ സമൃദ്ധി' പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് പ്രതിഷേധമുണ്ടായത്.
സഹകരണ മേഖലയിൽ സ്ത്രീകൾ നേതൃത്വം നൽകുന്ന സംരംഭത്തിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം അദ്ദേഹം അമൃതാനന്ദമയി മഠത്തിലെ ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കും. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് കൊല്ലം നഗരത്തിലും അനുബന്ധ റോഡുകളിലും കടുത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
