ആരോഗ്യമന്ത്രിയുടെ വസതിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; വാതിലില്‍ റീത്ത് വച്ചു; തലസ്ഥാനത്ത് വന്‍ സംഘര്‍ഷം

  1. Home
  2. Kerala

ആരോഗ്യമന്ത്രിയുടെ വസതിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; വാതിലില്‍ റീത്ത് വച്ചു; തലസ്ഥാനത്ത് വന്‍ സംഘര്‍ഷം

youth congress protest


വണ്ടാനം മെഡിക്കൽ കോളജിൽ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതിഷേധിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ തിരുവനന്തപുരത്തെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തള്ളിക്കയറി. വസതിയുടെ പ്രധാന ഗേറ്റ് തള്ളിത്തുറന്ന് അകത്തുകയറിയ പ്രതിഷേധക്കാർ വീടിന്റെ വാതിലിന് മുന്നിൽ റീത്ത് വെക്കുകയും കരിങ്കൊടി ഉയർത്തുകയും ചെയ്തു. സംഭവസമയത്ത് രണ്ട് പോലീസുകാർ മാത്രമാണ് വസതിയിൽ ഉണ്ടായിരുന്നത്. സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിന് തൊട്ടടുത്തുള്ള മന്ത്രിയുടെ വസതിയിൽ ഇത്രയും വലിയ സുരക്ഷാ വീഴ്ച ഉണ്ടായത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. തൈക്കാട് നിന്ന് പ്രകടനമായെത്തിയ പ്രവർത്തകരാണ് അതിക്രമം നടത്തിയത്. തുടർന്ന് വസതിക്ക് പുറത്ത് റോഡ് ഉപരോധിച്ച് പ്രവർത്തകർ പ്രതിഷേധം തുടർന്നു.

കേരളത്തിലെ ആരോഗ്യ വകുപ്പ് 'കാലന്റെ ആരോഗ്യ വകുപ്പായി' മാറിയിരിക്കുകയാണെന്നും ചികിത്സാ പിഴവുകളിൽ റിപ്പോർട്ട് തേടുക എന്നതല്ലാതെ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ മന്ത്രി തയ്യാറാകുന്നില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു. ആരോഗ്യ മേഖലയിലെ തുടർച്ചയായ വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി വീണാ ജോർജ് രാജി വെക്കണമെന്നും അവർ ആവശ്യപ്പെട്ടു. സ്വന്തം വകുപ്പിലെ ജീവനക്കാർ പോലും അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് പരാതിപ്പെടുന്ന അവസ്ഥയാണെന്നും ജനങ്ങളുടെ ജീവൻ വെച്ച് പന്താടുന്ന മന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.

യൂത്ത് കോൺഗ്രസ് പ്രതിഷേധം ശക്തമായതോടെ സ്ഥലത്ത് കൂടുതൽ പോലീസെത്തുകയും പ്രവർത്തകരും പോലീസും തമ്മിൽ വലിയ ഉന്തും തള്ളുമുണ്ടാവുകയും ചെയ്തു. തുടർന്ന് പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. വണ്ടാനം മെഡിക്കൽ കോളജിലെ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തതിന് പിന്നാലെയാണ് പ്രതിഷേധം തെരുവിലേക്ക് പടർന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.