കോഴിക്കോട് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; സഹപ്രവർത്തകന് ഗുരുതര പരിക്ക്
ദേശീയപാത 766-ൽ കോഴിക്കോട്-കൊല്ലഗൽ റോഡിൽ താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വയനാട് നടവയൽ കൈതത്തറയിൽ സജി-ഷീജ ദമ്പതികളുടെ മകൻ അരുൺ ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന സഹപ്രവർത്തകനും നടവയൽ കത്തനാർ തോട്ടത്തിൽ സ്വദേശിയുമായ മനു പോളിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. വയനാട് ഭാഗത്തുനിന്ന് വരികയായിരുന്ന ബൈക്കിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. നെരോലാക് പെയിന്റ് കമ്പനിയിലെ വയനാട് സോണൽ മാനേജരായിരുന്നു അരുൺ. മുക്കത്ത് വെച്ച് നടക്കുന്ന കമ്പനി യോഗത്തിൽ പങ്കെടുക്കാൻ സഹപ്രവർത്തകനായ മനു പോളിനൊപ്പം പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
കഴിഞ്ഞ ജനുവരിയിലായിരുന്നു അരുണിന്റെ വിവാഹം. സോണിയയാണ് ഭാര്യ. സഹോദരൻ: ആൻലിൻ. മൃതദേഹം തുടർനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
