പുനലൂരില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്
കൊല്ലം പുനലൂരില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുനലൂര്‍ സ്വദേശിയായ ഷിനുവിനെയാണ് കോളജ് ജംഗ്ഷന് സമീപമുള്ള ഫ്‌ലാറ്റിനോട് ചേര്‍ന്നുള്ള തോട്ടില്‍ ഇന്ന് പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. ഷിനുവിന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുറിവേറ്റ പാടുകളുണ്ടെന്നത് മരണത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ പുനലൂര്‍ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി.
മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തുള്ള ഫ്‌ലാറ്റിന് മുകളില്‍ നിന്ന് ഷിനു ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും ഏതാനും മദ്യക്കുപ്പികളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഫ്‌ലാറ്റിന് മുകളില്‍ നിന്ന് വീണതാണോ അതോ മറ്റെന്തെങ്കിലും അക്രമം നടന്നതാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ പോലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. ഷിനുവിന്റെ മരണത്തില്‍ സുഹൃത്തുക്കള്‍ക്കോ മറ്റോ പങ്കുണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്.
മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. സമീപവാസികളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പോലീസ് മൊഴിയെടുക്കുന്നുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ്.
