മലപ്പുറത്ത് വന്യജീവി ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

മലപ്പുറം കാളികാവിൽ വന്യജീവി അക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു. നിലമ്പൂർ ചോക്കാട് കല്ലാമല സ്വദേശിയായ ഗഫൂർ എന്നയാളാണ് കൊല്ലപ്പെട്ടത്. കടുവയാണ് ആക്രമിച്ചത് എന്നാണ് യുവാവിനൊപ്പമുണ്ടായിരുന്നയാൾ പറഞ്ഞത്.
രാവിലെ 7 മണിയോടെ കാളികാവ് അടക്കാകുണ്ടിലാണ് സംഭവം. റബ്ബർ ടാപ്പിങിനെത്തിയതായിരുന്നു ഗഫൂറും,സമദ് എന്നാളും. രാവിലെ ഏഴ് മണിക്കാണ് സംഭവം നടന്നതെന്നും കടുവ ഗഫൂറിന് നേർക്ക് ചാടി,വലിച്ചുകൊണ്ടുപോവുകയായിരുന്നുവെന്നും സമദ് പറഞ്ഞു.
നേരത്തെ മുതൽ പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും വളർത്തുമൃഗങ്ങളെയടക്കം കൊന്നിട്ടുണ്ടെന്നും നാട്ടുകാരൻ പറഞ്ഞു. ഇതോടെ പ്രദേശത്തുള്ളവർ ആട് വളർത്തൽ നിർത്തുന്ന അവസ്ഥയായിരുന്നുവെന്നും പ്രദേശവാസികൾ പറഞ്ഞു.
കടുവയുടെ സാന്നിധ്യം സ്ഥിരമായതോടെ പ്രദേശത്ത് കൂട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയിരുന്നതായി വാർഡ് മെമ്പറും പറഞ്ഞു. മൂന്ന് വർഷമായി കടുവയുണ്ട്. വനമേഖലയുമായി രണ്ട് കിലോമീറ്റർ വ്യത്യാസം ഉണ്ടെന്നും വാർഡ് മെമ്പർ കൂട്ടിച്ചേർത്തു.