പിറവത്ത് യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു
പിറവത്ത് സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു. പിറവം ടൗണില്‍ കൊച്ചുപള്ളി-സ്‌നേഹ ഭവന്‍ റോഡില്‍ ഇന്ന് പുലര്‍ച്ചെ 1.30ന് ആണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ കക്കാട് കോട്ടുകുന്നത്ത് പ്രകാശിന്റെ മകന്‍ അരുണ്‍ കുമാറിനെ (31) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെട്രോള്‍ ഒഴിച്ച് കത്തിച്ച നെച്ചൂര്‍ പെരുമ്പിള്ളില്‍ വിജയന്‍റെ മകന്‍ ജിഷ്ണുവും പൊള്ളലേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അരുണ്‍ ഫോണ്‍ വിളിച്ച് ജിഷ്ണുവിന്‍റെ മാതാവിനോട് അസഭ്യം പറഞ്ഞുവെന്നും ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പെട്രോളൊഴിച്ച് കത്തിക്കലില്‍ എത്തിയത് എന്നുമാണ് വിവരം. കഴിഞ്ഞ ദിവസമാണ് ജിഷ്ണു വിദേശത്തുനിന്ന് നാട്ടിലെത്തിയത്.
ഫോണ്‍ വിളി പ്രശ്‌നത്തെ ചൊല്ലി വീണ്ടും തര്‍ക്കമുണ്ടായപ്പോള്‍ ജിഷ്ണു കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ അരുണിന്‍റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ഈ സമയം ജീഷ്ണുവിന്‍റെ ദേഹത്തും പെട്രോള്‍ തെറിച്ചിരുന്നു. ഇതിനിടെ ജിഷ്ണു സിഗരറ്റ് ലാമ്പ് കത്തിച്ചപ്പോള്‍ സ്വന്തം ദേഹത്ത് ആദ്യം തീ പിടിക്കുകയും അത് അരുണിലേക്ക് പടരുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. എഴുപത് ശതമാനത്തോളം പൊള്ളലേറ്റ അരുണിന്‍റെ നില ഗുരുതരമാണ്. സംഭവത്തില്‍ മൂന്നു പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എല്ലാവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
