കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്തതിന് യുവാക്കൾക്ക് കുത്തേറ്റു; മൂന്നുപേർ അറസ്റ്റിൽ

  1. Home
  2. Kerala

കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്തതിന് യുവാക്കൾക്ക് കുത്തേറ്റു; മൂന്നുപേർ അറസ്റ്റിൽ

police      


പാലക്കാട് വാടാനാംകുറുശ്ശിയിൽ കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്ത യുവാക്കൾക്കുനേരെ ആക്രമണം. സംഭവത്തിൽ മൂന്ന് പേർക്ക് കുത്തേറ്റു. വാടാനാംകുറുശ്ശി സ്വദേശികളായ ജയരാജൻ, രതീഷ്, സന്തോഷ് എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വാടാനാംകുറുശ്ശി സ്വദേശികളായ ബാബുരാജ്, സുരേഷ്, സുബീഷ് എന്നിവരാണ് അറസ്റ്റിലായത്. കേസിൽ കാറൽമണ്ണ സ്വദേശി ഹരികൃഷ്ണനും ഉൾപ്പെട്ടിട്ടുണ്ടെന്നും ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.

കുഴിയാനാംകുന്ന്-കാരക്കാട് റോഡിൽ ആടുവളർത്തൽ കേന്ദ്രത്തിന് സമീപമായിരുന്നു സംഭവം. പ്രദേശത്ത് കഞ്ചാവ് വിൽപ്പന നടത്തുന്നത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തെ തുടർന്ന് യുവാക്കൾ സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിർത്തി കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ഗുരുതരമായി പരിക്കേറ്റ ജയരാജനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും രതീഷിനെയും സന്തോഷിനെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജയരാജന്റെ പരാതിയിലാണ് പൊലീസ് നടപടി.

ലഹരിക്കേസുകളിൽ സ്ഥിരം കുറ്റവാളിയായ ബാബുരാജിനെ കാപ്പ നിയമപ്രകാരവും അറസ്റ്റ് ചെയ്തിട്ടുണ്ട്. സുരേഷിനും സുബീഷിനുമെതിരെ മുൻപും കഞ്ചാവ് കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഒളിവിലുള്ള ഹരികൃഷ്ണനായി തിരച്ചിൽ തുടരുകയാണ്.