കൊല്ലത്ത് മദ്യപാനം ചോദ്യം ചെയ്തതിന് യുവാവിനെ കുത്തിക്കൊന്നു

കൊല്ലം ചിതറയിൽ പരസ്യമായുള്ള മദ്യപാനം ചോദ്യം ചെയ്തതിന് 29 കാരനായ യുവാവിനെ അഞ്ചംഗ സംഘം കുത്തിക്കൊലപ്പെടുത്തി. തുമ്പമൺതൊടി സ്വദേശി സുജിനെയാണ് (29) കൊല ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ തുമ്പമൺതൊടി കാരറക്കുന്നിന് സമീപത്താണ് കൊല നടന്നത്. തുമ്പമൺതൊടി സ്വദേശികളായ വിവേക്, സൂര്യജിത്ത്, ലാലു എന്നറിയപ്പെടുന്ന ബിജു, മഹി, വിജയ് എന്നിവരാണ് സുജിനെ കൊലപ്പെടുത്തിയത്. സുജിനൊപ്പമുണ്ടായിരുന്ന ഉണ്ടായിരുന്ന സുഹൃത്ത് അനന്ദുവിനും ആക്രമണത്തിൽ കുത്തേറ്റു.
ഒരു ക്ഷേത്രത്തിലെ ഉത്സവത്തിന് ഇടയിലുണ്ടായ തർക്കവും സുജിൻ പ്രതികളുടെ മദ്യപാനത്തെ ചോദ്യം ചെയ്തതുമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.സുജിന്റെ വയറ്റിലും അനന്തുവിന്റെ തലയ്ക്കുമാണ് കുത്തേറ്റത്. ഇരുവരെയും ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചങ്കിലും സുജിൻ മരിച്ചു. പ്രതികളെ ചിതറ പൊലീസ് കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്യുകയാണ്. സംഭവസ്ഥലത്തിൽ നിന്നും കഞ്ചാവ് പൊതികളും കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം സുജിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും..