യൂട്യൂബ് സംപ്രേഷണം സംബന്ധിച്ച പരാതികൾ പരിശോധിക്കാൻ പ്രത്യേക സംവിധാനം ആരംഭിച്ചെന്ന് മുഖ്യമന്ത്രി

  1. Home
  2. Kerala

യൂട്യൂബ് സംപ്രേഷണം സംബന്ധിച്ച പരാതികൾ പരിശോധിക്കാൻ പ്രത്യേക സംവിധാനം ആരംഭിച്ചെന്ന് മുഖ്യമന്ത്രി

youtube


യൂട്യൂബ് സംപ്രേഷണവുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുന്നതിനായി പ്രത്യേക സംവിധാനം തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഡെസിഗ്നേറ്റഡ് ഓഫീസർക്ക് ശുപാർശ നൽകുന്നതിനായി ഐ.ടി സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലും നോഡൽ ഓഫീസർക്ക് ശുപാർശ നൽകാനാവും. മറുനാടന്‍ മലയാളിയെ ലക്ഷ്യംവെച്ച് പി.വി അന്‍വർ നൽകിയ സബ്മിഷന് മറുപടി പറയുമ്പോഴായിരുന്നു മുഖ്യമന്ത്രി ഈക്കാര്യം വ്യക്തമാക്കിയത്.
യൂട്യൂബില്‍ അടക്കം പ്രചരിപ്പിക്കുന്ന വിവരങ്ങള്‍ നിയമ വിരുദ്ധമായതോ രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ, വിദേശ രാജ്യങ്ങളുമായിട്ടുള്ള സൗഹൃദബന്ധം, ക്രമസമാധാനം, കോടതിയലക്ഷ്യം, മതസ്പര്‍ദ്ധ, അപകീര്‍ത്തിപ്പെടുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ടതോ ആണെങ്കില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്റര്‍ മീഡിയറി ഗൈഡ് ലൈന്‍സ് ആന്റ് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്) റൂള്‍സ്-2021 പ്രകാരം അവ നിരോധിച്ചിട്ടുണ്ട്.
ഇപ്രകാരം പ്രചരിപ്പിക്കപ്പെടുന്ന വിവരങ്ങള്‍ ബ്ലോക്ക് ചെയ്യുന്നതിനായി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റൂള്‍സ് 2009 (പ്രൊസീജ്യര്‍ ആന്‍റ് സേഫ് ഗാര്‍ഡ്സ് ഫോര്‍ ബ്ലോക്കിങ് ഫോര്‍ ആക്സസ് ഓഫ് ഇന്‍ഫര്‍മേഷന്‍ ബൈ പബ്ലിക്) പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ഡെസിഗ്‌നേറ്റഡ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ ഓഫീസർക്കാണ് പരാതികളിന്മേൽ നോഡൽ ഓഫീസർ ശുപാർശ നൽകുക.
വളരെ കാലിക പ്രാധാന്യവും ഗൗരവവുമുള്ള വിഷയമാണിതെന്നും, സമഗ്രമായ നിയമനിർമാണത്തിന്റെ കാര്യം പ്രത്യേകം പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.