കെഎം എബ്രഹാമിനെതിരെ യൂട്യൂബ് വീഡിയോ വഴി അധിക്ഷേപം; വീഡിയോ പിൻവലിച്ച് ഖേദം പ്രകടിപ്പിച്ച് കെമാൽ പാഷ

  1. Home
  2. Kerala

കെഎം എബ്രഹാമിനെതിരെ യൂട്യൂബ് വീഡിയോ വഴി അധിക്ഷേപം; വീഡിയോ പിൻവലിച്ച് ഖേദം പ്രകടിപ്പിച്ച് കെമാൽ പാഷ

justice b Kemal pasha


മുഖ്യമന്ത്രിയുടെ മുൻ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. എബ്രഹാമിനെതിരെ യൂട്യൂബ് വീഡിയോയിലൂടെ വ്യക്തിപരമായ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ വിരമിച്ച ജഡ്ജി ജസ്റ്റിസ് കെമാൽ പാഷക്ക് തിരിച്ചടി. അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് കെ.എം. എബ്രഹാം നിയമനോട്ടീസ് അയച്ചതിനെ തുടർന്നാണ് ജസ്റ്റിസ് കെമാൽ പാഷ വീഡിയോ പിൻവലിക്കുകയും ഖേദം പ്രകടിപ്പിച്ച് വക്കീൽ നോട്ടീസിന് മറുപടി നൽകുകയും ചെയ്തത്.വിജിലൻസ് തള്ളിയ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ, ഹൈക്കോടതി കെ.എം.എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിനെ തുടർന്നാണ് അധിക്ഷേപപരാമർശങ്ങളടങ്ങിയ വിഡിയോ കെമാൽ പാഷ സ്വന്തം യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തത്.

ഇന്ത്യയിലെ ഏറ്റവും വലിയ ഒാഹരി വിപണി കുംഭകോണമായ സഹാറയുടെ ക്രമക്കേടുകളും അഴിമതിയും പുറത്തുകൊണ്ടുവന്ന് അതിനെതിരെ രാജ്യംകണ്ട ഏറ്റവും വലിയ പിഴത്തുകയായ 15000 കോടി രൂപ സഹാറയുടെ മേൽ ചുമത്തുന്നതിനും കാരണക്കാരനായ ഉദ്യോഗസ്ഥനാണ് ഡോ.കെ.എം.എബ്രഹാം. ഇത്തരത്തിൽ തന്റെ സേവനകാലയളവിൽ ഉണ്ടാക്കിയ എല്ലാ സൽപ്പേരിനും കളങ്കം ചാർത്തി തന്റെ കുടുംബത്തിലും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമിടയിൽ തന്നെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്ന തരത്തിലായിരുന്നു ഒരു മുൻന്യായാധിപൻ എന്ന നിലയിൽ കെമാൽ പാഷയുടെ പരാമർശങ്ങളെന്ന് കെ.എം.എബ്രഹാം വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടി. ഇതിനു പരിഹാരമായി വീഡിയോ പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും മുൻനിര പത്രങ്ങളിലടക്കം മാപ്പപേക്ഷ പ്രസിദ്ധീകരിക്കണമെന്നും കെ.എം.എബ്രഹാം വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു. അങ്ങനെ ചെയ്യാത്ത പക്ഷം 2കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നൽകുമെന്നും മുന്നറിയിപ്പ് നൽകുന്നു.

‘കാട്ടുകള്ളൻ’, ‘അഴിമതി വീരൻ’ തുടങ്ങിയ വാക്കുകൾ ഉപയോഗിച്ചായിരുന്നു വിമർശനം. ആരോപണങ്ങൾക്ക് തെളിവില്ലെന്നും, കേട്ടറിവുകളുടെ അടിസ്ഥാനത്തിൽ മാത്രമായിരുന്നു താൻ വീഡിയോ ചെയ്തതെന്ന് പാഷ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.ഇങ്ങനെ രണ്ട് വീഡിയോകൾ അപ് ലോഡ് ചെയ്തതിൽ അതിയായ ഖേദം ഉണ്ടെന്നും, തന്റെ ഭാഗത്ത് നിന്ന് ഇത് ഇനി ഒരിക്കലും ആവർത്തിക്കില്ലെന്നും, അദ്ദേഹം ഉറപ്പ് നൽകി. അതിനാൽ തുടർ നിയമനടപടികളിലേക്ക് കടക്കരുതെന്നും കെമാൽപാഷ മറുപടിയിൽ പറയുന്നു.