പോക്സോ കേസിൽ ഹാജരായില്ല: യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി; ജാമ്യമില്ലാ വാറണ്ടുകൾ മൂന്നായി
പോക്സോ കേസിൽ വിചാരണയ്ക്ക് തുടർച്ചയായി ഹാജരാകാതിരുന്നതിനെ തുടർന്ന് പ്രമുഖ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം കോടതി റദ്ദാക്കി. ഹോസ്ദുർഗ് ഫാസ്റ്റ്ട്രാക്ക് കോടതിയുടേതാണ് നടപടി. പോക്‌സോ കേസിന് പുറമെ വധശ്രമക്കേസിൽ ഇയാളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ഇതോടെ ഖാദർ കരിപ്പൊടിക്കെതിരെയുള്ള ജാമ്യമില്ലാ വാറണ്ടുകളുടെ (Non-Bailable Warrant) എണ്ണം മൂന്നായി ഉയർന്നു.
പോക്‌സോ ഇരയുടെ ശബ്ദവും മൊഴിയും സ്വന്തം ഓൺലൈൻ ചാനലിലൂടെ പ്രചരിപ്പിച്ചു എന്ന കുറ്റത്തിനാണ് കാസർകോട് വിദ്യാനഗർ പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്. പോലീസിനെ വധിക്കാൻ ശ്രമിച്ച കേസ് ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതിയായ ഇയാൾ കഴിഞ്ഞ രണ്ട് മാസമായി പോലീസിനെ വെട്ടിച്ച് ഒളിവിലാണ്.
ഒളിവിലിരിക്കുമ്പോഴും സോഷ്യൽ മീഡിയയിൽ വീഡിയോകൾ അപ്‌ലോഡ് ചെയ്ത് ഇയാൾ സജീവമായിരുന്നു. മഴക്കോട്ടിന്റെ പരസ്യ പ്രചാരണത്തിനുള്ള വീഡിയോയും കേസുകളുമായി ബന്ധപ്പെട്ട് സ്വന്തം ഭാഗം വിശദീകരിക്കുന്ന സന്ദേശങ്ങളും ഇയാൾ ഒളിവിലിരുന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. പോക്സോ കേസിന് പുറമെ വധശ്രമം, സാമ്പത്തിക കുറ്റകൃത്യങ്ങൾ, മതസ്പർധ വളർത്താനുള്ള ശ്രമം തുടങ്ങി പത്തോളം കേളുകളിൽ ഖാദർ കരിപ്പൊടി പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കുന്നു.
