കാഫിർ സ്‌ക്രീൻഷോട്ട് കേസ്: അന്വേഷണം ആരംഭിച്ച് എസ്ഐടി

  1. Home
  2. Kerala

കാഫിർ സ്‌ക്രീൻഷോട്ട് കേസ്: അന്വേഷണം ആരംഭിച്ച് എസ്ഐടി

image


വടകരയിലെ കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ അന്വേഷണം ആരംഭിച്ച് എസ്‌ഐടി. സ്‌ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്തുന്നത് അതീവ ദുഷ്‌കരമാണെന്ന് അന്വേഷണ ചുമതലയുള്ള റൂറൽ എസ്.പി ടി. ഫറാഷ് അറിയിച്ചു.ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കേസിൽ ആദ്യം പ്രതിയായി രേഖപ്പെടുത്തിയ എംഎസ്എഫ് പ്രവർത്തകൻ സി.കെ കാസിമിന്റെയും മൊഴിയെടുക്കും. ഫോണുകൾ ശാസ്ത്രീയമായി പരിശോധിച്ച റിപ്പോർട്ടുകളുടെ പൂർണ്ണ ഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

എസ്ഐടിയുടെ ആദ്യ യോഗം വടകരയിൽ പൂർത്തിയായതായി റിപ്പോർട്ടുകളുണ്ട്. കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്രയാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്.വടകര ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്താണ് കാഫിർ സ്‌ക്രീൻഷോട്ട് പ്രചരിച്ചത്. പ്രതികളിലേക്ക് എത്താൻ കഴിഞ്ഞില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കുന്നതായി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

എന്നാൽ തുടർ അന്വേഷണത്തിൽ സിപിഐഎം അനുകൂല സൈബർ പേജുകളിലാണ് സ്‌ക്രീൻഷോട്ട് ആദ്യം പ്രചരിച്ചതെന്ന കണ്ടെത്തലുണ്ടായി. ഡിവൈഎഫ്‌ഐ പ്രവർത്തകനായ റിബേഷ് രാമകൃഷ്ണന്റെ ഫോണിൽ നിന്നാണ് സ്‌ക്രീൻഷോട്ട് ആദ്യമായി പ്രചരിപ്പിച്ചതെന്ന വിവരവും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ, ഇതിൽ തുടർനടപടികളുണ്ടായില്ല. എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് പാറക്കൽ അബ്ദുള്ള എം.എൽ.എ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകിയിരുന്നു.