പ്രിയംവദ കൊലപാതകം; ജ്യേഷ്ഠന്റെയും അനുജൻ്റെയും അറസ്റ്റ് രേഖപ്പെടുത്തി
തിരുവനന്തപുരം നെയ്യാറ്റിൻകര പനച്ചമൂടിൽ നടന്ന പ്രിയംവദ കൊലപാത കേസിൽ രണ്ടുപേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.വെള്ളറട പോലീസാണ് പ്രിയംവദയെ അയൽവാസി കൊന്ന് കുഴിച്ചുമൂടിയ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്.പനച്ചമൂട് സ്വദേശിയായ വിനോദ്, ഇയാളുടെ സഹോദരൻ സന്തോഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കടം നൽകിയ പണം തിരിച്ചുചോദിച്ചതിനാണ് പ്രിയംവദയെ അയൽവാസിയായ വിനോദ് കൊലപ്പെടുത്തിയത്.
പ്രതി വിനോദിന്റെ വീടിന് പിന്നിലെ കുഴിയിൽ നിന്നാണ് അയൽവാസിയായ പ്രിയംവദയുടെ മൃതദേഹം ആർഡിഒ യുടെ സാന്നിധ്യത്തിൽ പുറത്തെടുത്തത്. പരിശോധനയ്ക്കിടെ പ്രിയംവദയുടെ കഴുത്തിൽ ഉണ്ടായിരുന്ന മൂന്ന് പവന്റെ മാല കാണാനില്ലെന്ന വിവരം ബന്ധുക്കൾ പോലീസിനെ അറിയിച്ചു. ഇരുകാതുകളിലും ഉണ്ടായിരുന്ന കമ്മലുകൾ മുക്കുപണ്ടമാണെന്ന് പോലീസ് കണ്ടെത്തി. മാല മോഷ്ടിക്കപ്പെട്ടതാണോ എന്നും പോലീസ് അന്വേഷിക്കും.
കാണാതായ ദിവസം പ്രിയംവദ വിനോദിന്റെ വീട്ടിലെത്തിയിരുന്നു. ഇവിടെ വച്ച് സാമ്പത്തിക ഇടപാടുകളുടെ പേരിൽ തർക്കം ഉണ്ടായിരുന്നു. ഇത് മർദനത്തിലേക്കും പിന്നീട് കൊലപാതകത്തിലേക്കും നയിച്ചു എന്നാണ് വിനോദ് പോലീസിന് നൽകിയ മൊഴി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ലെങ്കിലും തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നതിനാണ് സഹോദരൻ സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.
