വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ ട്രെയിനിൽ നിന്ന് വീണ് പതിനെട്ടുകാരൻ മരിച്ചു
വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് തെറിച്ചുവീണ് കാസർകോട് സ്വദേശിയായ പതിനെട്ടുകാരൻ മരിച്ചു. കാസർകോട് ബദിയടുക്ക നാരംപാടി സ്വദേശി ഇബ്രാഹിം അൽത്താഫ് (18) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 6.45-ഓടെ കണ്ണൂർ താഴെ ചൊവ്വയിലാണ് അപകടം നടന്നത്.
സുഹൃത്തുക്കൾക്കൊപ്പം കോഴിക്കോട്ടേക്ക് വിനോദയാത്ര പോയി മടങ്ങുകയായിരുന്നു അൽത്താഫ്. മലബാർ എക്സ്പ്രസിൽ കാസർകോട്ടേക്ക് വരുന്നതിനിടെ ട്രെയിനിൽ നിന്ന് അൽത്താഫ് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കളും സഹയാത്രക്കാരും വിവരമറിയിച്ചതിനെത്തുടർന്ന് റെയിൽവേ പോലീസും നാട്ടുകാരും ചേർന്ന് അൽത്താഫിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാരംപാടിയിലെ അബ്ദുറഹ്മാന്റെയും ആയിഷയുടെയും മകനാണ് അൽത്താഫ്. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
