100 കിലോഗ്രാം ഇറച്ചി മാനദണ്ഡങ്ങൾ പാലിക്കാതെ എത്തിച്ചത് ഷവർമ്മ കടകളിലേക്കും ഹോട്ടലുകളിലേക്കും; പിടിച്ചെടുത്ത് ആരോഗ്യവകുപ്പ്

കോഴിക്കോട് നഗരത്തിലെ വിവധ ഭക്ഷണശാലകളിലേക്ക് വിതരണം ചെയ്യാനായി മാനദണ്ഡങ്ങൾ പാലിക്കാതെ എത്തിച്ച കോഴിയിറച്ചി പിടികൂടി. മാനാഞ്ചിറക്ക് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ബൊലേറോ പിക്കപ്പ് ലോറിയിലാണ് 100 കിലോയോളം ഇറച്ചി കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇവ പിടിച്ചെടുത്തു. പഴകിയ ഇറിച്ചിയാണ് ഇവയെന്ന് നാട്ടുകാർ ആരോപിച്ചെങ്കിലും അല്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നഗരത്തിലെ ഹോട്ടലുകളിലേക്കും ഷവർമ്മ നിർമിക്കുന്ന കടകളിലും വിതരണം ചെയ്യാനായി മലപ്പുറത്ത് നിന്നും എത്തിച്ചതായിരുന്നു ഇവ. 500 കിലോഗ്രാമോളം കോഴിയിറച്ചി വാഹനത്തിൽ ഉണ്ടായിരുന്നുവെന്നും ബാക്കിയുള്ളത് വിവിധ കടകളിൽ വിതരണം ചെയ്തുവെന്നുമാണ് ലഭിക്കുന്ന വിവരം. അതേസമയം മാനദണ്ഡങ്ങൾ പാലിക്കാതെ കൊണ്ടുവന്നതിനാൽ ഇറച്ചി വിതരണം ചെയ്ത സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കുമെന്നും ഉടമയോട് ഉടൻ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം അസി. കമ്മീഷണർ സക്കീർ ഹുസൈൻ പറഞ്ഞു.