അതിജീവനത്തിന്റെ പുതുഗാഥ; കൽപ്പറ്റ ടൗൺഷിപ്പ് ഒന്നാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഉദ്ഘാടനം ചെയ്യും

  1. Home
  2. Latest

അതിജീവനത്തിന്റെ പുതുഗാഥ; കൽപ്പറ്റ ടൗൺഷിപ്പ് ഒന്നാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഉദ്ഘാടനം ചെയ്യും


മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സംസ്ഥാന സർക്കാർ കൽപ്പറ്റയിൽ നിർമ്മിച്ച മാതൃകാ ടൗൺഷിപ്പിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം ഞായറാഴ്ച നടക്കും. രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്പ് നാടിന് സമർപ്പിക്കും. 178 കുടുംബങ്ങൾക്കായുള്ള വീടുകളാണ് ആദ്യഘട്ടത്തിൽ പൂർത്തിയായിരിക്കുന്നത്. അതിജീവനത്തിന്റെ പുതുഗാഥ എന്നാണ് ഈ സ്വപ്ന പദ്ധതിയെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ദുരന്തബാധിതർക്ക് ലോകോത്തര നിലവാരത്തിലുള്ള പുനരധിവാസം ഉറപ്പാക്കുമെന്ന സർക്കാരിന്റെ വാഗ്ദാനം യാഥാർത്ഥ്യമാകുന്ന നിമിഷമാണിതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

ആകെ 410 വീടുകൾ വിഭാവനം ചെയ്തിട്ടുള്ള ടൗൺഷിപ്പിൽ 1000 ചതുരശ്ര അടിയിലാണ് ഓരോ വീടും നിർമ്മിച്ചിരിക്കുന്നത്. ഭാവിയിൽ രണ്ടാം നില പണിയാൻ സാധിക്കുന്ന അടിത്തറയോടെയാണ് ഈ ഒറ്റനില വീടുകളുടെ നിർമ്മാണം. രണ്ട് കിടപ്പുമുറികൾ, ലിവിങ് റൂം, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള തുടങ്ങിയ സൗകര്യങ്ങൾ ഓരോ വീടിനുമുണ്ട്. വയനാടിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിലാണ് വിവിധ സർക്കാർ ഏജൻസികളുടെ ഏകോപനത്തിലൂടെ ടൗൺഷിപ്പ് പൂർത്തിയാക്കിയത്.

വീടുകൾക്ക് പുറമെ ആധുനിക സൗകര്യങ്ങളുള്ള ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവയും ടൗൺഷിപ്പിന്റെ ഭാഗമായുണ്ടാകും. മൾട്ടി പർപ്പസ് ഹാൾ, ലൈബ്രറി, സ്പോർട്സ് ക്ലബ്ബ്, ഓപ്പൺ എയർ തിയേറ്റർ തുടങ്ങിയവ ഉൾപ്പെടുന്നതാണ് കമ്മ്യൂണിറ്റി സെന്റർ. 410 വീടുകളും പൂർത്തിയാകുന്നതോടെ 1600-ലധികം ആളുകൾക്ക് ഇവിടെ സുരക്ഷിതമായ തണലൊരുങ്ങും. കേരളത്തിന്റെ ഇച്ഛാശക്തിയുടെ അടയാളമായ ഈ ചരിത്ര നിമിഷത്തിലേക്ക് എല്ലാവരെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.