അറസ്റ്റ് ഇല്ലാതെയും ഒരാളെ തടങ്കലില്‍ വയ്ക്കാം; ഹൈക്കോടതി

  1. Home
  2. Latest

അറസ്റ്റ് ഇല്ലാതെയും ഒരാളെ തടങ്കലില്‍ വയ്ക്കാം; ഹൈക്കോടതി

HIGH COURT


 

കേസ് അന്വേഷണത്തിനായി ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്താതെ തന്നെ ഒരാളെ തടങ്കലില്‍ വയ്ക്കാന്‍ ചില പ്രത്യേക നിയമങ്ങള്‍ അനുവദിക്കുന്നുണ്ടെന്നു ഹൈക്കോടതി. ലഹരി പദാര്‍ഥ വിരുദ്ധ നിയമം (എന്‍ഡിപിഎസ്), കള്ളപ്പണം വെളുപ്പിക്കല്‍ നിയമം (പിഎംഎല്‍എ), കസ്റ്റംസ് നിയമം തുടങ്ങിയവയിലെ വകുപ്പുകള്‍ ഇത്തരത്തില്‍ തടങ്കലില്‍ വയ്ക്കുന്നതിനു അനുമതി നല്‍കുന്നുണ്ട്. ബിഎന്‍എസ് വകുപ്പ് 179 (1) പ്രകാരം മുന്‍കൂര്‍ നോട്ടീസ് നല്‍കി വിളിപ്പിക്കുന്നതും നിയമവിരുദ്ധ കസ്റ്റഡി അല്ലെന്നു ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി.

ഔദ്യോഗികമായി അറസ്റ്റ് ചെയ്യുന്നതിനു മുന്‍പ് തടങ്കലില്‍ വച്ചെന്നും 24 മണിക്കൂറിനു ശേഷമാണ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയതെന്നും ചൂണ്ടിക്കാണിച്ച് നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതി നിയമപരമായ തടങ്കലില്‍വയ്ക്കലും അറസ്റ്റും തമ്മിലുള്ള വ്യത്യാസത്തില്‍ വ്യക്ത വരുത്തിയത്. അന്വേഷണത്തിനായി ഒരാളെ തടങ്കലില്‍വയ്ക്കലിനു കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കണമെന്നു കോടതി വ്യക്തമാക്കി.

ബന്ധപ്പെട്ട നിയമപ്രകാരമുള്ള മുന്‍കൂര്‍ നോട്ടീസ് നല്‍കണം. തടങ്കലില്‍വച്ച സമയവും അറസ്റ്റ് ചെയ്ത സമയവും കൃത്യമായി രേഖപ്പെടുത്തണം. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം 24 മണിക്കൂറിനകം മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കണം. അറസ്റ്റിനുള്ള കാരണങ്ങള്‍ വ്യക്തമായി അറിയിക്കണം തുടങ്ങിയ നടപടിക്രമങ്ങളാണ് പാലിക്കേണ്ടത്.